ചിയാന്റെ വില്ലൻ, മാരിയുടെ ബൈസൺ; നെപ്പോ കിഡെന്ന് പറയാൻ വരട്ടെ..
ബൈസണിലെ ഗംഭീര പ്രകടനത്തോടെ ധ്രുവ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. നേരത്തെ ആദിത്യ വർമയുടെ റിലീസിനു പിന്നാലെ അയാളുടെ റോ പെർഫോമൻസും ഇമോഷണൽ ഡെപ്തുമെല്ലാം വിമർശകരുടെ പോലും വായടപ്പിച്ചിരുന്നു. ദേഷ്യവും സങ്കടവും വിരഹവും വിഷാദവുമെല്ലാം ആ പെർഫോമർ ആളുകളിലേക്ക് ഇന്റൻസായി കമ്യൂണിക്കേറ്റ് ചെയ്തു. അപ്പോഴും നെപ്പോ കിഡെന്ന ചാപ്പ അയാളിൽ അടിച്ചേൽപ്പിക്കാൻ പലരും ശ്രമിച്ചിരുന്നു
അനായാസമായ അഭിനയമികവ്, ഡെഡിക്കേഷൻ, ഹാർഡ് വർക്ക്. തമിഴ് സിനിമയിൽ കമൽഹാസനോടൊപ്പം ഈ വിശേഷണങ്ങൾ ചേർത്തുവെക്കപ്പെടാറുള്ളത് വിക്രത്തിന് കൂടിയാണ്. തമിഴിലെ മിഗപ്പെരിയ നടികരുടെ ലിസ്റ്റിൽ മുൻപന്തിയിലുള്ള കെന്നഡി ജോൺ വിക്ടറെന്ന വിക്രം. ആ പേര് അറ്റത്തുവെച്ചുകൊണ്ടൊരു പയ്യൻ 2019ൽ തന്റെ ആദ്യ സിനിമയുമായി കോളിവുഡിൽ എൻട്രി നടത്തി. സന്ദീപ് റെഡ്ഡി വാങ്കയുടെ അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായിരുന്നു ആ ചിത്രം. എന്നാൽ അത്ര ശുഭകരമായൊരു തുടക്കമായിരുന്നില്ല അയാൾക്കു ലഭിച്ചത്. തന്റെ അച്ഛന് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമയുടെ സംവിധായകൻ ബാല ആയിരുന്നു റീമേക്ക് സിനിമയുടെ ആദ്യ സംവിധായകൻ. വർമയെന്ന് പേരിട്ട സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ ആ നായകനെ തേടി വിമർശനങ്ങളുമെത്തി. റീമേക്കല്ല അർജുൻ റെഡ്ഡിയുടെ സ്പൂഫെന്നും കഥാപാത്രത്തെ നശിപ്പിച്ചെന്നുമായി പരിഹാസങ്ങൾ. അച്ഛനുമായുള്ള താരതമ്യവും ആ പയ്യന് ചുറ്റും പൊതിഞ്ഞു. സിനിമ ഷൂട്ടെല്ലാം തീർന്ന് പ്രിവ്യു കണ്ട ശേഷം ഫൂട്ടേജിൽ തൃപ്തരല്ലാത്ത നിർമാതാക്കാളും അതൃപ്തി അറിയിച്ചു. സിനിമ ഉപേക്ഷിച്ചു. സംവിധായകനെ ചേഞ്ച് ചെയ്ത് വർമ ആദിത്യ വർമയെന്ന പേരിൽ വീണ്ടും പൂർണമായും ഷൂട്ട് ചെയ്തു. 2019 ജൂൺ 16ന് ആദിത്യ വർമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. കട്ടത്താടിയും കൂളിങ് ഗ്ലാസുമായി എരിഞ്ഞുയർന്ന സിഗരറ്റിന്റെ പുകയ്ക്കിടയിൽ ആ മുഖം വ്യക്തമായി, കൂടെ പേരും തെളിഞ്ഞു - ധ്രുവ് വിക്രം. പരിഹാസങ്ങൾ കൈയടിയായി, താരതമ്യപ്പെടുത്തലുകൾ അഭിനന്ദനമായി. അർജുൻ റെഡ്ഢിയുടെ ഓറ ആദിത്യ വർമയിലൂടെ തമിഴിലേക്കും കൂടുമാറ്റം നടത്തി. ആ നായകനിൽ ഒരു സ്റ്റാർ മെറ്റീരിയലിനെ കൂടെ തെളിഞ്ഞുകണ്ടു.
ആദിത്യ വർമയുടെ റിലീസിനു പിന്നാലെ ധ്രുവ് ഏറെ ശ്രദ്ധിക്കപ്പെട്ടു. അയാളുടെ റോ പെർഫോമൻസും ഇമോഷണൽ ഡെപ്തുമെല്ലാം വിമർശകരുടെ പോലും വായടപ്പിച്ചു. ദേഷ്യവും സങ്കടവും വിരഹവും വിഷാദവുമെല്ലാം ആ പെർഫോമർ ആളുകളിലേക്ക് ഇന്റൻസായി കമ്യൂണിക്കേറ്റ് ചെയ്തു. താനിവിടെ വന്നത് പോകാനല്ല തന്റെതായൊരിടം കെട്ടിപ്പടുക്കാനാണെന്ന് ആദ്യ സിനിമയിലൂടെ തന്നെ ധ്രുവ് തെളിയിച്ചു. അപ്പോഴും നെപ്പോ കിഡെന്ന ചാപ്പ അയാളിൽ അടിച്ചേൽപ്പിക്കാൻ പലരും ശ്രമിച്ചിരുന്നു.
ആദിത്യ വർമയ്ക്ക് ശേഷം നായകവേഷത്തിൽ തന്നെ സിനിമകൾ പലതും ചെയ്യാമെന്നിരിക്കെ പിന്നീട് ധ്രുവിനെ കണ്ടത്, തന്റെ അച്ഛന്റെ സിനിമയിലാണ്. കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിൽ തന്റെ ഇഷ്ടനടന്റെ, അച്ഛന്റെ, വിക്രത്തിന്റെ വില്ലനായി അയാൾ പൂണ്ടുവിളയാടി. കട്ടിമീശയിയുമായെത്തി പീക്ക് വില്ലനിസമാണ് ധ്രുവ് അന്ന് കാട്ടിയത്. മഹാൻ ആ നടനിലെ മറ്റൊരു സൈഡിനെ കൂടിയാണ് എക്സ്പ്ലോർ ചെയ്തത്. ഘനഗംഭീരമായ ശബ്ദവും, സ്റ്റൈലിഷ് ലുക്കുമെല്ലാം വിക്രത്തിനെ പലയിടത്തും റെസോണേറ്റ് ചെയ്യുന്നുണ്ടെങ്കിലും ധ്രുവ് തന്റേതായൊരു യുണീക്ക്നെസ്സ് കഥാപാത്രങ്ങളിൽ കൊണ്ടുവന്നു. മഹാൻ ഓടിടി വഴിയായിരുന്നു റിലീസ് ചെയ്തത്. അതിനാൽ തന്നെ ആ സിനിമയുടെ റെസ്പോൺസ് പൂർണാമായും എൻജോയ് ചെയ്യാനായില്ലെന്ന് ഈയിടെ ധ്രുവ് പറഞ്ഞിരുന്നു. അച്ഛന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചതിൽ ഗ്രേറ്റ്ഫുള്ളാണയാൾ. അതേ സമയം സിനിമയുടെ ഷൂട്ട് സമയത്ത് വിക്രവുമായി അകൽച്ചയുണ്ടായെന്നും താരം വെളിപ്പെടുത്തുന്നു. ഷൂട്ട് തീർന്നപ്പോളാണ് സമാധാനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വർഷങ്ങൾക്കിപ്പുറം ധ്രുവ് ബൈസണുമായെത്തിയിരിക്കുന്നു. താൻ ഇതുവരെ ചെയ്ത സിനിമകളുടെ ഫോർമാറ്റിൽ നിന്നെല്ലാം വ്യത്യസ്തമായി, അവയെ എല്ലാം പൊളിച്ചെഴുതിയൊരു സ്പോർട്സ് ആക്ഷൻ ഡ്രാമ. മാരി സെൽവരാജ് എന്ന സിഗ്നേച്ചർ സംവിധായകനൊപ്പം കൂടിയാകുമ്പോൾ ആ വരവ് ധ്രുവിന് സ്പെഷ്യലാണ്. തന്റെ ആദ്യ സിനിമയാണ് ബൈസണെന്നാണ് ധ്രുവ് ഈയിടെ അഭിപ്രായപ്പെട്ടത്. അതിന് കൃത്യമായൊരു കാരണവും ധ്രുവിനുണ്ട്. ആദിത്യ വർമ ഡെബ്യു സിനിമയാണെങ്കിലും, അതിന് ഒരു റെഫറൻസ് ഉണ്ടായിരുന്നു. അതിനാൽ ആ സിനിമയെ എന്റെ ഇൻഡിപെന്റായ ആദ്യ സിനിമയായി കാണാനാകില്ല. കാർത്തിക്ക് സുബ്ബരാജിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് വളരെ സ്പെഷ്യലായാണ് കാണുന്നതെങ്കിലും മഹാൻ ഒരു ചിയാൻ പടമാണ്. ആ സിനിമയിൽ ചെറുതാണെങ്കിലും ഒരു ഇംപോർട്ടന്റ് റോൾ ചെയ്യുന്ന സമയത്താണ് അടുത്ത ചെയ്യാൻ പോകുന്ന സിനിമയാകും എന്റെ ആദ്യ സിനിമയെന്ന് ചിന്ത വന്നത്. - ധ്രുവ് പറയുന്നു.
ബൈസണിലേക്കെത്തുമ്പോൾ ധ്രുവിന്റെ പെർഫോമൻസ് തന്നെയാണ് ഹൈലൈറ്റ്. മാരി സെൽവരാജ് പൊളിറ്റിക്സിനെ സ്പോർടിനോട് കൂട്ടിച്ചേർത്തപ്പോൾ ഗംഭീരമായൊരു അനുഭവം സിനിമ നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കബഡിയിൽ കാളക്കൂറ്റനാകുന്ന ധ്രുവ് പ്രശംസകളും ഏറെ പിടിച്ചു പറ്റുന്നു. സിനിമയ്ക്കായി താരം നടത്തിയ ഹാർഡ് വർക്കും ഏറെ ചർച്ചാവിഷയമാണ്. ഷൂട്ടിനിടെ പരിക്കുകൾ ധ്രുവിനെ അലട്ടിയിരുന്നു. ഇടത് കൈ ഒടിഞ്ഞു, മൂന്ന് പല്ലുകൾ റൂട്ട് കനാൽ ചെയ്തു, കഴുത്ത്, കൈമുട്ട്, വിരലുകൾ- അങ്ങനെ വേദനകൾ നിറഞ്ഞതായിരുന്നു ആ ദിവസങ്ങൾ. പക്ഷേ അതെല്ലാം താൻ ആസ്വദിച്ചുവെന്ന് ധ്രുവ് പറയുന്നിടത്ത് ചിലർക്കെങ്കിലും ചിന്ത പോവുക അയാളുടെ അച്ഛനിലേക്കാകും. ധ്രുവിനെയും ഓടാൻ പ്രേരിപ്പിച്ചത് ആ പേര് തന്നെ. സിനിമയ്ക്കായി ഓരോ തവണയും ചില ടഫ് സിറ്റുവേഷനുകൾ ഫേസ് ചെയ്യുമ്പോൾ, ഫിസിക്കലി ഡിമാൻഡ് ചെയ്യുന്ന സമയത്തുമെല്ലാം അച്ഛനാണ് മനസിലുണ്ടാവുക. അദ്ദേഹം ഒടിഞ്ഞ കാല് വച്ച് അച്ഛൻ അത്രയും ചെയ്തെങ്കിൽ എനിക്കിത് ചെയ്തുകൂടെ എന്ന് സ്വയം ചോദിക്കും. ഇതാണ് ധ്രുവിന്റെ മനസിലൂടെ കടന്നുപോയത്. ബൈസണിൽ പല റിസ്ക് ഷോട്ട്സ് പലതും ചെയ്തപ്പോളും അച്ഛന്റെ ഹാർഡ് വർക്കും നിരന്തര പ്രയത്നവും അയാളുടെ ഉള്ളിലെത്തുന്നു. മാരി സെൽവരാജിന്റെ കൂടെ വർക്ക് ചെയ്തതിന് ശേഷം ലിമിറ്റുകൾക്കപ്പുറത്തേക്ക് പുഷ് ചെയ്യാനാകുമെന്ന് മനസിലായെന്നും ധ്രുവ് കൂട്ടിച്ചേർക്കുന്നു.
ഒരു സ്റ്റാർ കിഡ് ആണെന്നും അത് വഴി അവസരങ്ങൾ കിട്ടുന്നെന്നുമുള്ള യാഥാർഥ്യത്തെ അംഗീകരിക്കുന്നു. പക്ഷേ ഇന്ത്യൻ സിനിമയിൽ എൻ്റേതായ ഇടം കണ്ടെത്തണം. ആളുകൾ എന്നെ സ്നേഹിക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടി എന്തും ചെയ്യാനും തയ്യാറാണ്. അതുവരെ എന്റെ ജോലി ഞാൻ തുടരും. തീർച്ചയല്ലാതിരുന്നൊരു ഡെബ്യൂവിൽ നിന്ന് കുതിച്ച് പായുന്ന ധ്രുവിന്റെ വാക്കുകൾ ദൃഢമാണ്. നെപ്പോ കിഡെന്ന ബാരിയറിൽ തളച്ചിട്ടാലും ആ ശരീരത്തിനുള്ളിലെ കഴിവുകൾ പ്രകടമായിക്കൊണ്ടേയിരിക്കും. ചെയ്ത സിനിമകളെല്ലാം തെളിയിക്കുന്നതും അതു തന്നെ. ഓരോ സിനിമയിലും വീണ്ടും വീണ്ടും പ്രൂവ് ചെയ്യാനുള്ള അവസരമുണ്ടാകണെന്ന നിശ്ചയമയാൾക്കുണ്ട്. വിജയം തലയിലേറ്റരുത്, തോൽവി മനസിൽ വെക്കരുത് എന്ന അച്ഛന്റെ ഉപദേശവും കൂടെയുണ്ട്. എക്സ്പറ്റേഷനുകളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് ചിയാന്റെ ലെഗസിയോടൊപ്പം തന്റേതായൊരു സാമ്രാജ്യവും ധ്രുവ് കെട്ടിപ്പടുക്കട്ടെ.