എമ്പുരാൻ തിരിഞ്ഞുകൊത്തി; ട്രെൻഡിങ്ങിൽ ബോയ്‌കോട്ട് മേജർ രവി

അന്ന് എമ്പുരാനെ പ്രശംസിച്ച് ഭംഗിവാക്കുകൾ കൊണ്ട് സിനിമയെ മൂടിയ അതേ മേജർ രവി, വിമർശനങ്ങൾ വന്നപ്പോൾ കളം മാറ്റി ചവിട്ടി. എമ്പുരാനെയും പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും വിമർശിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന പേര് അയാളുടേതായി.അന്നേ മോഹൻലാൽ ഫാൻസ് അടക്കം കരുതിവെച്ചതാണ് സൈബറിടത്തിൽ ഇപ്പോൾ ഉയരുന്ന ബോയ്‌കോട്ട് മേജർ രവി ക്യാംപെയ്ൻ

Update: 2025-11-10 11:52 GMT

'ബോയ്കോട്ട് മേജർ രവി'- ഇക്കഴിഞ്ഞ ദിവസം എക്സിൽ ട്രെൻഡിങ് ടാ​ഗ് ഇതായിരുന്നു. ഓപറേഷൻ സിന്ദൂറിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്യാനിരിക്കുന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞ അതേ ദിവസം തന്നെ മേജർ രവിക്കെതിരെ ബോയ്കോട്ട് ക്യാംപെയിനെത്തി. അവസാനമായൊരു സിനിമ സംവിധാനം ചെയ്ത് വർഷങ്ങളായ ഒരാൾക്കെതിരെ സൈബറിടത്തിൽ നിറയുന്ന വിമർശനങ്ങൾ പലതാണ്. അതിന് കാരണങ്ങളും പലതുണ്ട്. പഹൽ​ഗാം; ഓപറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നായകനായി മോഹൻലാൽ എത്തുമെന്ന റൂമറുകൾ ‍കഴിഞ്ഞ കുറച്ച് മാസങ്ങളായുണ്ട്. ആ അഭ്യൂ​ഹം തന്നെയാണ് ഇപ്പോഴുള്ള ബോയ്കോട്ട് ക്യാംപെയ്നിന്റെയും ആധാരം. അതിന് മുൻപന്തിയിൽ കാണപ്പെടുന്നതും മോഹൻലാൽ ആരാധകരെ തന്നെ. എന്താണ് അതിനുകാരണം? ഇപ്പോഴത്തെ ഈ ബാക്ക്ലാഷുകളുടെ പിന്നിലെന്താണ്? മോഹൻലാൽ ആരാധകർ മേജർ രവി ചിത്രത്തെ ബ​ഹിഷ്കരിക്കണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ കുറച്ച് മാസങ്ങൾ പിറകിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ, മാർച്ച് 27, 2025.

Advertising
Advertising

മോളിവുഡിലെ ഏറ്റവും ഹൈയസ്റ്റ് ബഡ്ജറ്റിലെത്തിയ സിനിമ, മലയാള സിനിമ ഇന്നേവര കണ്ട ഹൈപ്പുകളുടെ പരകോടിയിലെത്തിയ ചിത്രം. അതായിരുന്നു പൃഥ്വിരാജ് സുകുമാരൻ - മോഹൻലാൽ കോംബോയുടെ എമ്പുരാൻ. മാർച്ച് 27ന് എമ്പുരാൻ കേരളമെമ്പാടും പ്രദർശനത്തിനെത്തി. സിനിമയുടെ ഫാൻഷോയ്ക്ക് മോഹൻലാലടക്കമുള്ള താരങ്ങൾ എറണാകുളം കവിത തിയറ്ററിലെത്തി. അക്കൂട്ടത്തിൽ മേജർ രവിയുമുണ്ടായിരുന്നു. ഷോയ്ക്ക് ശേഷം മോഹൻലാലിനെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന മേ​ജർ രവിയെ നമുക്ക് കാണാം. മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ എമ്പുരാനെപ്പറ്റി അയാൾ ഇങ്ങനെ പറഞ്ഞു.- പടം ഉ​ഗ്രനാണ്. പൃഥ്വിരാജ് വേറെ ലെവൽ, ഇങ്ങനെയൊരു പടം ചെയ്യാൻ അദ്ദേഹം ഭാ​ഗ്യവാനാണ്. ഒരു ഡയറക്ടറുടെ ഡ്രീമാണ് ഇതുപോലെയാരു സിനിമ. മൂന്നാമത്തെ ഭാ​ഗത്തിനായി കാത്തിരിക്കാം.

Full View

ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ഓപണിങ് കളക്ഷൻ നേടി തുടങ്ങിയ എമ്പുരാന് ആദ്യ ദിനം മുതൽ പക്ഷേ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സിനിമയിലെ ഓപണിങ് സീനുകൾ സംഘ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചു. ​ഗുജറാത്ത് കലാപവും, ​ഗോദ്രയിലെ തീവെപ്പുമെല്ലാം സിനിമയിൽ ചിത്രീകരിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്നു. പെർഫോമൻസിനും മേക്കിങ്ങിനുമെല്ലാമപ്പുറം സിനിമ പിന്നീടങ്ങോട്ട് ചർച്ചാവിഷയമായത് ഇക്കാര്യങ്ങളിലൂടെയായിരുന്നു. പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രത്തിന് നോർത്തിലടക്കം വൻ രീതിയിൽ നെ​ഗറ്റീവ് റിവ്യുകളെത്തി. സിനിമയ്ക്കെതിരെ ബോയ്കോട്ട് ക്യാംപെയിനടക്കം വന്നു. ആർഎസ്എസ് മുഖപത്രമടക്കം എമ്പുരാനെതിരെ എഴുതി.

ആലിം​ഗനം ചെയ്ത് പ്രശംസിച്ച് ഭം​ഗിവാക്കുകൾ കൊണ്ട് സിനിമയെ മൂടിയ അതേ മേജർ രവി, ഈ വിമർശനങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ പിന്നാലെ കളം മാറ്റി ചവിട്ടി. എമ്പുരാനെയും പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ​​ഗോപിയെയും വിമർശിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന പേര് അയാളുടേതായി. ഗുജറാത്ത് കലാപത്തെ വളരെ ഏകപക്ഷീയമായാണ് അവതരിപ്പിച്ചത്. ആ കലാപം എങ്ങനെ തുടങ്ങിയെന്ന വിഷയങ്ങൾ കൂടി കാണിക്കേണ്ടിയിരുന്നു. എഴുത്തുകാരനെന്ന നിലയിൽ മുരളി ഗോപിക്ക് അതിന് ഉത്തരവാദിത്തമുണ്ടായിരുന്നു. മുസ്ലീങ്ങളെ കൊല്ലുന്ന ഹിന്ദുക്കൾ എന്ന് ചിത്രീകരിച്ചത് വർഗീയതയാണെന്നും മേജർ രവി പറഞ്ഞു. അപ്പോഴും മോഹൻലാലിനെതിരെ ശബ്ദമുയർത്താനോ, വിമർശിക്കാനോ അയാൾ മുതിർന്നില്ല. പകരം മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന കുപ്രചരണം നടത്താൻ അദ്ദേഹം തുടങ്ങി. അതേസമയം, സിനിമയുടെ റിലീസിന് മുൻപ് തന്നെ താൻ സിനിമ കണ്ടിരുന്നുവെന്ന് മോ​ഹൻലാൽ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തിരഞ്ഞാൽ കാണാനാകും. പൃഥ്വിരാജിനെതിരെയും വിമർശനം ഉന്നയിച്ചതോടെ മല്ലിക സുകുമാരൻ മേജർ രവിക്കെതിരെ രം​ഗത്തെത്തി.

'പടം കണ്ടിറങ്ങിയ ഉടനെ ' അയ്യോ ഇത് ഹിസ്റ്ററിയാകും ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ച്, എൻറെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൃഥ്വിരാജ് ചതിച്ചെന്ന് പറയുന്നു. ഇത്രയുമേയുള്ളോ ഇവരുടെയൊക്കെ വാക്കിൻറെ വില? ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാൻഡോസ്?' മല്ലിക സുകുമാരൻ തിരിച്ചടിച്ചു. പിന്നെ വാ​ദ പ്രതിവാദങ്ങളായി എമ്പുരാൻ പതിയെ ചർച്ചകളിൽ നിന്ന് മങ്ങി.

വൻ ഹൈപ്പിലെത്തി അമ്പേ പരാജയമായി മാറിയ ഒടിയന് ശേഷം മോഹൻലാലിന് ഒരു സൂപ്പർഹിറ്റ് തിരിച്ചുവരവ് ലഭിച്ചത് പൃഥ്വിയുടെ ലൂസിഫറിലൂടെയാണ്. അത്രയും ​ഗംഭീരമായൊരു തിരിച്ചുവരവ് നൽകിയ സംവിധായകനെ കുറ്റപ്പെടുത്തിയ ഒരാളോടൊപ്പം വീണ്ടും സിനിമ ചെയ്യുന്നുവെന്നത് പൃഥ്വിയോട് ചെയ്യുന്ന അനീതിയാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു വാദം. സംഘ് കൂട്ടം നടത്തിയ ആക്രമണങ്ങളെ തന്റെയുള്ളിലെ ഹിന്ദുത്വ ആശയങ്ങളും കൂട്ടിച്ചേർത്ത് പിന്തുണച്ച്, സ്വന്തം ഇൻഡസ്ട്രിയിലെ ബി​ഗ്​ഗെസ്റ്റ് സിനിമയെ തകർക്കാൻ നോക്കിയതും മേജർ രവിയെ ബഹിഷ്കരിക്കാനുള്ള കാരണമായി പറയുന്നു.

2025 മോഹൻലാലിനെ സംബന്ധിച്ചിടത്തോളം കരിയറിൽ ​ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു. ബാക്ക് ടു ബാക്ക് 200 ക്രോർസ്, ഇറങ്ങിയ മൂന്ന് സിനിമകളും സൂപ്പർഹിറ്റ്. റീറിലീസിലും ആവേശ്വോജല വരവേൽപ്പ്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും ഈ വർഷം മലയാളത്തിന്റെ മോഹൻലാലിനെ തേടിയെത്തി. തരുൺ മൂർത്തി, ഡാൻ ഓസ്റ്റിൻ, തുടങ്ങി പുതിയ സംവിധായകരോടൊപ്പം പുത്തൻ കഥകൾ പരീക്ഷിക്കാനൊരുങ്ങുന്ന മോഹൻലാലിനെ മലയാളി പ്രേക്ഷകർ ആവേശത്തോടെ കൊണ്ടാടിയ അതേ വർഷമാണ് മേജർ രവി ചിത്രമെന്ന വാർത്തകളും പുറത്തുവന്നത്. കീർത്തിച്ചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കർമയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്സ്. മോഹൻലാൽ മേജർ രവി കൂട്ടുകെട്ടിലെത്തിയ സിനിമകൾ ഇത്രയുമാണ്. കീർത്തിച്ചക്ര ​ഗംഭീര വിജയമായതൊഴിച്ചാൽ ബാക്കിയെല്ലാ സിനിമകളും ആവറേജെന്നും ഫ്ലോപ്പെന്നും വിധിയെഴുതപ്പട്ടു. അതിനാൽ തന്നെ ഇപ്പോഴത്തെ ​ഹിറ്റ് സ്ട്രീക്ക് മേജർ രവിയിലൂടെ അവസാനിക്കുമോയെന്ന ആരാധകരുടെ ഭയവും സമൂ​ഹമാധ്യമങ്ങളിൽ പ്രകടമാണ്. ഇതിനിടയിൽ ഒരഭിമുഖത്തിൽ മോഹൻലാൽ ആരാധകരെ മേജർ രവി അപമാനിച്ചെന്നും ആരോപണമുയരുന്നുണ്ട്.

ഇതൊക്കെയാണ് മേജർ രവി ബഹിഷ്കരണാ​ഹ്വാനത്തിനെ പിന്നിലെ പ്രധാന കാരണങ്ങൾ. നിലവിൽ ആരാണ് നായകനെന്ന കാര്യത്തിൽ ഔദ്യോ​ഗികമായി യാതൊരു അറിയിപ്പും പുറത്തുവിട്ടിട്ടില്ല, അതിനാൽ വരും ദിവസങ്ങൾ ഈ പ്രൊജക്ടിനായുള്ള കാത്തിരിപ്പ് കൂടും. ആ കാത്തിരിപ്പ് നായകൻ മോഹലാൽ ആകരുതേയെന്നെ പ്രാർഥനയോടെയാകുമെന്ന് മാത്രം. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - അഭിനവ് ടി.പി

contributor

Similar News