ഗസ്സയിൽ കരയാക്രമണങ്ങൾ വിപുലീകരിച്ച് ഇസ്രായേൽ; ഇന്ന് കൊല്ലപ്പെട്ടത് 50 പേർ
മേഖലയിലെ ഇസ്രായേൽ ഉപരോധം 31-ാം ദിവസവും തുടരുകയാണ്
ഗസ്സ സിറ്റി: ഗസ്സയിൽ കരയാക്രമണങ്ങൾ വിപുലീകരിച്ച് ഇസ്രായേൽ. തുടർച്ചയായ ബോംബാക്രമണങ്ങളിൽ ഇന്ന് 50 പേരാണ് ഗസ്സയിൽ കൊല്ലപ്പട്ടത്. മേഖലയിലെ ഇസ്രായേൽ ഉപരോധം 31-ാം ദിവസവും തുടരുകയാണ്. അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഉപരോധമാണിത്. ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചതിനുശേഷം 1,100-ലധികം ഫലസ്തീനികളാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
ഗസ്സയിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്നും ജനങ്ങളെ വലിയ തോതിൽ നിർബന്ധിതമായി കുടിയൊഴിപ്പിക്കുമെന്നും ഇസ്രായേൽ പ്രഖ്യാപിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സയുടെ മൊത്തം വിസ്തൃതിയുടെ 17 ശതമാനം അഥവാ ഏകദേശം 62 ചതുരശ്ര കിലോമീറ്റർ (24 ചതുരശ്ര മൈൽ) ഇസ്രായേൽ ഇതിനകം തന്നെ പിടിച്ചെടുത്തിട്ടുണ്ട്.
തെക്കൻ നഗരമായ റഫയ്ക്കും ഖാൻ യൂനിസിനും സമീപമുള്ള ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ആവശ്യപ്പട്ട് ഇസ്രായേൽ സൈന്യം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ 'മാനുഷിക മേഖല' എന്ന് അറിയപ്പെട്ടിരുന്ന തീരദേശ മേഖലയായ അൽ-മവാസിയിലേക്ക് മാറാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുന്നതാണ് പുതിയ നീക്കം.
അരലക്ഷത്തിലധികം ആളുകളാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത്. 114,583 ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ആയിരകണക്കിന് പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നത്.
വേൾഡ് ഫുഡ് പ്രോഗ്രാം നടത്തുന്ന 25 എണ്ണം ഉൾപ്പടെ ഗസ്സയിലെ ബേക്കറികൾ എല്ലാം അടച്ച് പൂട്ടിയിരിക്കുകയാണ്. ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള ഇസ്രായേൽ ഉപരോധം ഒരു മാസത്തിലധികമായി തുടരുകയാണ്.