ഡൊണാൾഡ് ട്രംപിനെതിരെ 25 മണിക്കൂര്‍ നീണ്ട പ്രസംഗം: റെക്കോർഡിട്ട് യുഎസ് സെനറ്റർ
ട്രംപിനൊപ്പം ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ ഇലോൺ മസ്കിനെക്കൂടി ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രസംഗിച്ച് റെക്കോർഡിട്ട് യുഎസ് സെനറ്റർ. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ മാരത്തണ്‍ പ്രസംഗം നടത്തിയത് ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍ സെനറ്റിൽ ചരിത്രം കുറിച്ചത്. 25 മണിക്കൂര്‍ അഞ്ച് മിനിറ്റ് നേരമാണ് ബുക്കറിന്റെ പ്രസംഗം നീണ്ടുനിന്നത്.
ശാരീരികമായി കഴിയുന്നിടത്തോളം താന്‍ ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകീട്ട് 55 കാരനായ ബുക്കര്‍ പ്രസംഗം ആരംഭിച്ചത്. ട്രംപിനൊപ്പം ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രധാനിയുമായ ഇലോൺ മസ്കിനെക്കൂടി ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങൾ.
ട്രംപിന്റെ നയങ്ങൾ നിയമവാഴ്ച, ഭരണഘടന, അമേരിക്കൻ ജനതയുടെ ആവശ്യങ്ങൾ എന്നിവയോടുള്ള തികഞ്ഞ അവഗണനയാണെന്ന് ബുക്കര്‍ ആഞ്ഞടിച്ചു. ഫണ്ട് വെട്ടിക്കുറയ്ക്കൽ, ജീവനക്കാരെ പിരിച്ചുവിടൽ, ആരോഗ്യരംഗത്തെ പദ്ധതികൾ തുടങ്ങിയ നയങ്ങളും പ്രസംഗത്തിൽ ഉൾപ്പെട്ടിരുന്നു. ട്രംപ് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യങ്ങളുമായി മറ്റ് ഡെമോക്രാറ്റിക് അംഗങ്ങളും സെനറ്റിൽ സജീവമായിരുന്നു.
1957ൽ സിവിൽ റൈറ്റ്സിനെതിരെ റിപബ്ലക്കിൻ സെനറ്റർ സ്റ്റോം തുർമോണ്ടിന്റെ റെക്കോഡാണ് ബുക്കര്‍ മറികടന്നത്. 24 മണിക്കൂറും 18 മിനിറ്റും ദൈർഘ്യമുള്ള പ്രസംഗം നടത്തിയായിരുന്നു തുർമോണ്ട് റെക്കോർഡ് ഇട്ടത്. 1957 ലെ പൗരാവകാശ നിയമത്തിനെതിരെയായിരുന്നു സൗത്ത് കാരോലൈന സെനറ്ററുടെ ഈ റെക്കോർഡ് പ്രസംഗം.
അതേസമയം, ഇസ്രയേലിനെ ശക്തമായി പിന്തുണക്കുന്നയാളാണ് കോറി ബുക്കര്‍.