ഗസ്സയിൽ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; അടിയന്തര വെടിനിർത്തലുണ്ടായില്ലെങ്കിൽ വൻദുരന്തം സംഭവിക്കുമെന്ന് യുഎൻ
രാജ്യത്ത് സന്ദർശനത്തിന് എത്തുന്ന നെതന്യാഹുവിന് പൂർണ സംരക്ഷണം ഒരുക്കുമെന്ന് ഹംഗറി
ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ കരയാക്രമണം വ്യാപിപ്പിച്ചതോടെ മരണസംഖ്യ കുത്തനെ ഉയർന്നു. ഇന്നലെ മാത്രം 77 പേർ കൊല്ലപ്പെട്ടു. അടിയന്തര വെടിനിർത്തലുണ്ടായില്ലെങ്കിൽ ഗസ്സയിൽ വൻദുരന്തം സംഭവിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. സിറിയിലും ഇസ്രായേൽ ബോംബാക്രമണം ഉണ്ടായി. അതേസമയം, രാജ്യത്ത് സന്ദർശനത്തിന് എത്തുന്ന നെതന്യാഹുവിന് പൂർണ സംരക്ഷണം ഒരുക്കുമെന്ന് ഹംഗറി അറിയിച്ചു.
ഗസ്സയിൽ ഇസ്രായേൽ നിയന്ത്രിത 'സുരക്ഷാ മേഖലകൾ' സ്ഥാപിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. കരയാക്രമണം വ്യാപിപ്പിക്കുന്നത് ഈ ലക്ഷ്യം മുൻനിർത്തിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. തെക്കൻ ഗസ്സയിൽ റഫ, വടക്ക് ബയ്ത് ഹാനൂൻ, ബയ്ത് ലാഹിയ തുടങ്ങി വിവിധ മേഖലകളിൽനിന്ന് ഫലസ്തീനികളെ കൂട്ട പലായനത്തിന് നിർബന്ധിച്ചാണ് കരയാക്രമണം വ്യാപിപ്പിക്കുന്നത്. ഇന്നലെ മാത്രം ഇസ്രായേൽ സേന കൊലപ്പെടുത്തിയത്77 പേരെയാണ്.
ഗസ്സയുടെ 25 ശതമാനം ഭൂമി പിടിച്ചടക്കുകയാണ് ഇസ്രായേൽ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കാമെന്ന ഹമാസ് വാഗ്ദാനം ഇസ്രായേൽ തള്ളി. സൈനിക നടപടിയിലൂടെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കുമെന്ന് നെതന്യാഹു പറഞു. ആക്രമണവും ഉപരോധവും വ്യാപകമായതോടെ ഗസ്സയിൽ എല്ലാ ഭക്ഷണകേന്ദ്രങ്ങളും അടച്ചു. ഉടൻ വെടിനിർത്തലിന് തയാറാകാൻ യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.
സിറിയൻ തലസ്ഥാനമായ ദമസ്കറിലാണ് ഇസ്രായേൽ ബോംബിട്ടത്. അതിനിടെ, അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് നിലനിൽക്കെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഹംഗറി സന്ദർശനത്തിൽ മാറ്റമില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഐസിസി അംഗ രാജ്യമാണെങ്കിലും നെതന്യാഹുവിനെതിരായ ഉത്തരവ് അംഗീകരിക്കില്ലെന്ന് ഹംഗറി വ്യക്തമാക്കി.