ട്രംപിനും മസ്കിനും തിരിച്ചടി; വിസ്കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിക്ക് വിജയം
100 മില്യൺ ഡോളറിലധികം സ്ഥാനാർത്ഥികളും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനായി ചിലവഴിച്ചിട്ടുണ്ട്
വാഷിങ്ടൺ: വിസ്കോൺസിൻ നടന്ന യുഎസ് സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനും തിരിച്ചടി. ഇവർ പിന്തുണച്ച സ്ഥാനാർഥി പരാജയപ്പെട്ടു. ഡെമോക്രാറ്റ് പിന്തുണയുള്ള ലിബറൽ ജഡ്ജി സൂസൻ ക്രോഫോർഡ് ആണ് ട്രംപിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ജുഡീഷ്യൽ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയതെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 100 മില്യൺ ഡോളറിലധികം സ്ഥാനാർത്ഥികളും അവരുടെ സഖ്യകക്ഷികളും തെരഞ്ഞെടുപ്പിനായി ചിലവഴിച്ചിട്ടുണ്ട്. കൺസർവേറ്റിവ് സ്ഥാനാർത്ഥിയായ ബ്രാഡ് ഷിമെല്ലിന് വേണ്ടി മസ്കും സംഘവും ചിലവഴിച്ചത് കോടികളാണ്.
ഡാനെയിൽ നിന്നുള്ള ജഡ്ജിയായ ക്രോഫോഡ് ഗർഭഛിദ്രം, മനുഷ്യാവകാശങ്ങൾ, വോട്ടർ ഐ.ഡി നിയമങ്ങൾ എന്നിവയിലൂടെയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. റിപബ്ലിക്കൻ അറ്റോണി ജനറലും വൗകെഷയിൽ നിന്നുള്ള ജഡ്ജിയുമാണ് ബ്രാഡ്. ക്രോഫോർഡിന് ഏകദേശം 54% വോട്ടുകളും ഷിമെല്ലിന് ഏകദേശം 45% വോട്ടുകളും ലഭിച്ചു.
വിസ്കോൺസിൻ എഴുന്നേറ്റു നിന്ന് നീതിക്ക് വിലയിടാനാകില്ലെന്ന് ഉറക്കെ പറഞ്ഞുവെന്ന് വിജയത്തിന് പിന്നാലെ ക്രോഫോർഡ് പ്രതികരിച്ചു. നമ്മുടെ കോടതികൾ വിൽപ്പനയ്ക്കുള്ളതല്ല. ഇന്ന് വിസ്കോൺസിനൈറ്റുകൾ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ ചെറുത്തുനിന്നു," മാഡിസണിൽ നടന്ന വിജയാഘോഷ പരിപാടിയിൽ ക്രോഫോർഡ് ചൂണ്ടിക്കാട്ടി.
വിസ്കോൺസിൻ സുപ്രീം കോടതിയിൽ ഏഴ് ജഡ്ജിമാരാണുള്ളത്. ഇതിൽ ഒരാൾ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തെരഞ്ഞടുപ്പ് ഉണ്ടായത്. ഇപ്പോൾ സംസ്ഥാന സുപ്രീംകോടതിയിലെ 4-3 ഭൂരിപക്ഷം ലിബറലുകൾ നിലനിർത്തി.