ഗസ്സയിൽ ഇസ്രായേലിന്റെ നരനായാട്ട്; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറിലേറെ ഫലസ്തീനികൾ
യുഎൻ രക്ഷാസമിതിയിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി രംഗത്തുവന്നു
ഗസ്സ സിറ്റി: ഇന്നലെ മാത്രം ഗസ്സയിൽ ഇസ്രായേൽ കൊന്നുതള്ളിയത് നൂറിലേറെ ഫലസ്തീനികളെ. മുനമ്പിൽ ഇസ്രായേലിന്റെ ശക്തമായ ആക്രമണങ്ങൾ തുടരുകയാണ്. ജബലിയ അഭയാർത്ഥി ക്യാമ്പിലെ യുഎൻആർഡബ്ല്യുഎയുടെ മെഡിക്കൽ സൗകര്യത്തിന് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 26 പേരാണ് കൊല്ലപ്പെട്ടത്. 71 പേരാണ് ഇന്നലെ വടക്കൻ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത്. ഗസ്സ സിറ്റിയിലെ ഫലസ്തീനികളെ പാർപ്പിച്ച സ്കൂളുകൾക്ക് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, യുഎൻ രക്ഷാസമിതിയിൽ ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി രംഗത്തുവന്നു. ഗസ്സയിലും വെസ്റ്റ് ബാങ്ക് നഗരങ്ങളിലും ഇസ്രായേൽ തുടരുന്ന കൊടുംക്രൂരത തടഞ്ഞില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈനയും തുർക്കിയും യുഎൻ രക്ഷാ സമിതിക്കു മുമ്പാകെ വ്യക്തമാക്കി. ഫലസ്തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം തുടരുന്നത് സംഘർഷം മൂർഛിപ്പിക്കുമെന്ന് ബ്രിട്ടൻ പ്രതികരിച്ചു. ആക്രമണവും ഉപരോധവും സകലസീമകളും ലംഘിച്ചിരിക്കുകയാണെന്നും അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വൻ മാനുഷിക ദുരന്തം ഉറപ്പാണെന്നും യുഎൻ മനുഷ്യാവകാശ കമ്മീഷണർ ചൂണ്ടിക്കാട്ടി. മെഡിക്കൽ സംഘത്തെ കൊന്നുകുഴിച്ചു മൂടിയ സംഭവം നടുക്കം സൃഷ്ടിക്കുന്നതാനെന്നും മനുഷ്യാവകാശ കമ്മീഷണർ കൂട്ടിച്ചേർത്തു.
ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അടുത്ത ആഴ്ച വൈറ്റ് ഹൗസിൽ എത്തുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അതേസമയം, ചെങ്കടലിന്റെ വടക്കു ഭാഗത്ത് നിരവധി ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് യുഎസ് വിമാനവാഹിനിക്കപ്പലായ ട്രൂമാനെ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.