കുട്ടികളെ ലൈംഗികചൂഷണം ചെയ്തു, അശ്ലീല ദൃശ്യങ്ങൾ പകർത്തി; ഇന്ത്യക്കാരന് യുഎസിൽ 35 വർഷം തടവ്
കുറഞ്ഞത് 19 കുട്ടികളെയെങ്കിലും ഇയാൾ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്
വാഷിങ്ടൺ: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ഇന്ത്യക്കാരന് യുഎസിൽ 35 വർഷം തടവ് ശിക്ഷ. സോഷ്യൽ മീഡിയ ആപ്പ് വഴിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത നിരവധി പേരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. ഇന്ത്യൻ വംശജനായ സായ് കുമാർ കുറെമുലയാണ് ശിക്ഷിക്കപ്പെട്ടത്.
31 കാരനായ സായ് കുമാർ ഒക്ലഹോമയിലെ എഡ്മണ്ടിലാണ് താമസിക്കുന്നത്. സാമൂഹ്യ മാധ്യമ ആപ്പുകളിൽ കൗമാരക്കാരനാണെന്ന വ്യാജേനയാണ് ഇയാൾ കുട്ടികളെ സമീപിച്ചിരുന്നത്. ഇരകൾ തന്റെ അഭ്യർത്ഥനകൾ നിരസിക്കുകയാണെങ്കിൽ ഇയാൾ അശ്ലീല ചിത്രങ്ങൾ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും കുട്ടികളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കുട്ടികളോട് നഗ്നദൃശ്യങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്ന ഇയാൾ ഈ ചിത്രങ്ങൾ കാണിച്ച് പണം തട്ടിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് 19 കുട്ടികളെയെങ്കിലും ഇയാൾ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹം ഏറ്റവും ഗൗരവമുള്ളതായി കണക്കാക്കുന്നവയാണെന്ന് ശിക്ഷ പ്രഖ്യാപിക്കവേ യുഎസ് ജില്ലാ ജഡ്ജി ചാൾസ് ഗുഡ്വിൻ ചൂണ്ടിക്കാട്ടി. തന്റെ ഇരകൾക്ക് സായ് കുമാർ നൽകിയ ആഘാതം അവരുടെയും കുടുംബങ്ങളുടെയും ജീവിതത്തിൽ ഉടനീളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജഡ്ജി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് സായികുമാറിനെതിരെ കുറ്റം ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ 2023 ഒക്ടോബറിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണമാണ് പൊലീസിനെ സായികുമാറിലേക്ക് എത്തിച്ചത്. ഇയാളുടെ പ്രവർത്തികൾ കുട്ടികളിൽ ചിന്തിക്കാൻ പോലും കഴിയാത്ത വൈകാരിക പ്രശ്‍നങ്ങൾ സൃഷ്ടിച്ചുവെന്ന് എഫ്ബിഐ ഒക്ലഹോമ സിറ്റി സ്പെഷ്യൽ ഏജന്റ് ഇൻ ചാർജ് ഡഗ് ഗുഡ്‌വാട്ടർ പറഞ്ഞിരുന്നു.