Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
വാഷിങ്ടൺ: ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് പൗരന്മാരുമായി പ്രണയത്തിലേര്‍പ്പെടുന്നതിനും ശാരീരികബന്ധം പുലര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനയിലുള്ള യുഎസ് നയതന്ത്രജ്ഞര്‍, ഇവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ നിയമിച്ച മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്ന് വാര്‍ത്താ എജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഉദ്യോഗസ്ഥര്‍ക്കായുള്ള പുതിയ നിര്‍ദേശം ട്രംപ് ഭരണകൂടം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരിയില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്.
ബെയ്ജിങ്ങിലെ യുഎസ് എംബസി, ഷാങ്ഹായ്, ഷെനിയാങ്, വുഹാന്‍, ഹോങ്കോങ് തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍സുലേറ്റുകള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും പുതിയ നിര്‍ദേശം ബാധകമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് പുറത്തുള്ള യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഇത് ബാധകമല്ല.
നിലവില്‍ ചൈനീസ് പൗരന്മാരുമായി ഏതെങ്കിലുംരീതിയിലുള്ള ബന്ധമുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് തേടാന്‍ അപേക്ഷ നല്‍കാം. എന്നാല്‍, ഈ അപേക്ഷ നിരസിക്കുകയാണെങ്കിൽ ചൈനീസ് പൗരന്മാരുമായുള്ള ബന്ധം ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും.