ഫലസ്തീൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ തടവിലാക്കിയതിനെതിരെ സ്വയം ചങ്ങലക്കിട്ട് ജൂത വിദ്യാർഥികളുടെ പ്രതിഷേധം

യുഎസ് വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായ മഹ്മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തത്.

Update: 2025-04-03 13:15 GMT
Advertising

ന്യൂയോർക്ക്: ആക്ടിവിസ്റ്റും കൊളംബിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയുമായ മഹ്മൂദ് ഖലീലിനെ തടവിലാക്കിയതിനെതിരെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ജൂത വിദ്യാർഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റി കവാടത്തിൽ 45 മിനിറ്റോളം സ്വയം ചങ്ങലക്കിട്ടായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അടുത്തിടെ ബിരുദം നേടിയ ഖലീൽ ഗ്രീൻ കാർഡ് ഉടമയാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. യുഎസ് വിദേശനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് അറസ്റ്റ് എന്നായിരുന്നു വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ വിശദീകരണം. ഖലീലിനെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് റിപ്പോർട്ട് ചെയ്തതായി പറയുന്ന ബോർഡ് ട്രസ്റ്റിയുടെ പേര് വെളിപ്പെടുത്തണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക് അഫേഴ്‌സിലെ വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമാണ് മഹ്‌മൂദ് ഖലീല്‍. 1995ല്‍ സിറിയയില്‍ ജനിച്ച അള്‍ജീരിയന്‍ പൗരനായ മഹ്‌മൂദ് ഖലീല്‍ ക്യാമ്പസിലെ പലസ്തീന്‍ അനുകൂല ചര്‍ച്ചകളിലെ നിറ സാന്നിധ്യമായിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേരുന്നതിന് മുന്‍പ് ബെയ്‌റൂട്ടില്‍ നിന്നാണ് ഖലീല്‍ തന്റെ ബിരുദം നേടിയത്. പലസ്തീന്‍ അഭയാര്‍ത്ഥികളെ പിന്തുണക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ലുഎയില്‍ (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സി ) പൊളിറ്റിക്കല്‍ അഫേഴ്‌സ് ഉദ്യാഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു മഹ്‌മൂദ് ഖലീല്‍. ഒരു വര്‍ഷത്തിലേറെയായി ക്യാമ്പസിലെ ​ഗസ്സ ഐക്യദാര്‍ഢ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും മുന്‍ നിരയില്‍ ഖലീലുമുണ്ടായിരുന്നു. എട്ട് മാസം ഗർഭിണിയായ ഭാര്യക്കൊപ്പമിരിക്കുന്ന സമയത്താണ് ഐസിഇ ഖലീലിനെ അറസ്റ്റ് ചെയ്തത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News