വിറപ്പിച്ച് വീണു; ബാഴ്സയും പി എസ്.ജിയും സെമിയില്‍
രണ്ടാം പാദത്തിൽ പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ ലീഡില്‍ അഗ്രിഗേറ്റ് സ്കോറിലാണ് ഇരുടീമുകളും സെമിയിലേക്ക് മാർച്ച് ചെയ്തത്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയും പി.എസ്.ജിയും സെമിയിൽ. രണ്ടാം പാദത്തിൽ ഇരുടീമുകളും പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ ലീഡിലാണ് സെമിയിലേക്ക് മാർച്ച് ചെയ്തത്.
സിഗ്നൽ ഇഡുണ പാർക്കിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബൊറൂഷ്യയുടെ ജയം. സെഹ്‌റോ ഗുരാസിയുടെ ഹാട്രിക്ക് മികവിൽ ബൊറൂഷ്യ തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും പിന്നീട് വലകുലുക്കാൻ കറ്റാലന്മാർ അനുവദിച്ചില്ല. റാമി ബെൻസെബെയ്‌നിയുടെ ഔൺ ഗോളാണ് ബാഴ്‌സയെ ലീഡുയർത്താൻ സഹായിച്ചത്. 5-3 അഗ്രിഗേറ്റ് സ്‌കോറിലാണ് കറ്റാലന്മാരുടെ സെമി പ്രവേശം.
വില്ലാ പാർക്കിൽ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോൾ വഴങ്ങിയ ആസ്റ്റൺ വില്ല ഏറെക്കുറേ പുറത്താകലിന്റെ വക്കിലായിരുന്നു. എന്നാൽ മൂന്ന് ഗോളുകൾ പിന്നീട് തിരിച്ചടിച്ചതോടെ ഒരു കംബാക്ക് മണത്തു. ഒരു ഗോൾ കൂടി വലയിലെത്തിച്ചാൽ കളി സമനിലയിലാവും എന്ന ഘട്ടത്തിൽ ഡൊണ്ണറുമ്മയും ഡിഫന്റർമാരും ചേർന്ന് പി.എ.സ് ജി കോട്ട ഭദ്രമാക്കി. അഷ്റഫ് ഹക്കീമിയും നൂനോ മെന്‍ഡെസുമാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. യോറി ടിയെൽമാൻസ്, ജോൺ മഗ്ഗിൻ, എസ്രി കൊൻസ എന്നിവരാണ് ആസ്റ്റണ്‍ വില്ല സ്കോറര്‍മാര്‍.
ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിൽ ഇന്ന് റയൽ മാഡ്രിഡ് ആഴ്‌സണലിനേയും ബയേൺ മ്യൂണിക്ക് ഇന്റർമിലാനെയും നേരിടും. ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ റയലിന് ബെർണബ്യൂവിൽ വലിയൊരു തിരിച്ച് വരവ് നടത്തിയാൽ അല്ലാതെ സെമിയിൽ പ്രവേശിക്കാനാവില്ല.