ഇത് സ്വപ്നം കണ്ടതല്ല; എക്സ്ട്രാ ടൈമിൽ മൂന്നുഗോൾ തിരിച്ചടിച്ച് യുനൈറ്റഡിന്റെ മാസ് കംബാക്ക്
മാഞ്ചസ്റ്റർ: യൂറോപ്പ ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് അത്ഭുതവിജയം. ലിയോണിനെതിരെ എക്സ്ട്രാ ടൈമിൽ രണ്ടുഗോളിന് പിന്നിട്ട് നിന്നശേഷം മൂന്നുഗോൾ തിരിച്ചടിച്ചാണ് യുനൈറ്റഡ് വിസ്മയ വിജയം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിൽ മാത്രം അഞ്ചുഗോളുകളാണ് മത്സരത്തിൽ പിറന്നത്.
ആദ്യ പകുതിയിൽ യുനൈറ്റഡാണ് നിറഞ്ഞുകളിച്ചത്.പത്താം മിനുറ്റിൽ തന്നെ മാനുവൽ ഉഗാർട്ടെ യുനൈറ്റഡിനായി വലകുലുക്കി. ആദ്യ പകുതിക്ക് പിരിയാനിരിക്കേ ഡിയഗോ ഡാലോ കൂടി ഗോൾ കുറിച്ചതോടെ യുനൈറ്റഡ് വിജയമുറപ്പിച്ചുവെന്നു തോന്നിച്ചു.
എന്നാൽ 71ാം മിനുറ്റിൽ കൊറന്റിൻ ടൊലിസോയും 77ാം മിനുറ്റിൽ നിക്കൊളാസ് താഗിലിയാഫിക്കോയും ലിയോണിനായി തിരിച്ചടിച്ചതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു. അതിനിടയിൽ ലിയോണിന്റെ കൊറന്റിൻ ടൊലീസോ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡും വാങ്ങി പുറത്തുപോയത് യുനൈറ്റഡിന് പ്രതീക്ഷ നൽകി.
പക്ഷേ അധിക സമയത്ത് യുനൈറ്റഡിനെ കാത്തിരുന്നത് വലിയ ദുരന്തങ്ങളായിരുന്നു.104ാം മിനുറ്റിൽ റയാൻ ചെർക്കിയും 109ാം മിനുറ്റിൽ പെനൽറ്റി ഗോളാക്കി അലക്സാൻഡ്രെ ലക്കസാട്ടയും ലിയോണിന് നൽകിയത് അമ്പരപ്പിക്കുന്ന ലീഡ്.
എന്നാൽ പീന്നീടങ്ങോട്ട് മൈതാനം കണ്ടത് അവിസ്മരണീയമായ തിരിച്ചുവരവായിരുന്നു. 114ാം മിനുറ്റിൽ പെനൽറ്റി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് യുനൈറ്റഡിന് ജീവശ്വാസം നൽകി. 120ാം മിനുറ്റിൽ കോബിമൈനുവും 121ാം മിനുറ്റിൽ ഹാരി മഗ്വയറും ഗോൾകുറിച്ചതോടെ യുനൈറ്റഡ് അവിസ്മരണീയമായ വിജയവുമായി സെമിയിലേക്ക്. ലിയോൺ തട്ടകത്തിൽ നടന്ന ആദ്യ പാദ പോരാട്ടം 2-2ന് സമനിലയിൽ കുരുങ്ങിയിരുന്നു.