ബെർണബ്യുവിൽ ഗണ്ണേഴ്‌സ് ഗർജ്ജനം; റയലിനെ വീഴ്ത്തി സെമിയിൽ, ബയേണിനെ പൂട്ടി ഇന്റർ
സെമിയിൽ ആർസനൽ പിഎസ്ജിയേയും ഇന്റർമിലാൻ ബാഴ്‌സലോണയേയും നേരിടും
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് രണ്ടാംപാദത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽമാഡ്രിഡിനെ വീഴ്ത്തി ആർസനൽ സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. 65ാം മിനിറ്റിൽ ബുക്കായോ സാക്കയിലൂടെ മുന്നിലെത്തിയ ഇംഗ്ലീഷ് ക്ലബ് 90+3 മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനലിയിലൂടെ വിജയഗോളും നേടി. 67ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ മാഡ്രിഡ് ആശ്വാസഗോൾ കണ്ടെത്തി.
Who is going to Munich? 🤔#UCL pic.twitter.com/V5THok5kgP
— UEFA Champions League (@ChampionsLeague) April 16, 2025
റയലിന്റെ തിരിച്ചുവരവ് ലക്ഷ്യമിട്ട് സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യുവിലെത്തിയ പതിനായിരങ്ങളെ നിശബ്ദമാക്കി ആർസനൽ വിജയിച്ചുകയറിയത്. ഇരുപകുതികളിലും മികച്ച ഗെയിം പുറത്തെടുത്ത ആർസനൽ റയൽ മുന്നേറ്റനിരയെ കൃത്യമായി തടഞ്ഞുനിർത്തി. ആദ്യപാദത്തിൽ 3-0നായിരുന്നു ഗണ്ണേഴ്‌സ് ജയിച്ചത്. ഇതോടെ അഗ്രിഗേറ്റിൽ 5-1 ജയമാണ് ഇംഗ്ലീഷ് ക്ലബ് സ്വന്തമാക്കിയത്.
മറ്റൊരു ക്വാർട്ടറിൽ ആദ്യപാദത്തിലെ ലീഡിന്റെ ബലത്തിലാണ് ഇന്റർ മിലാൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്. രണ്ടാംപാദ മത്സരം 2-2 സമനിലയിൽ പിരിയുകയായിരുന്നു. 52ാം മിനിറ്റിൽ ഹാരി കെയിനിലൂടെ ബയേൺ തിരിച്ചുവരവ് നടത്തിയെങ്കിലും ആറുമിനിറ്റിന് ശേഷം ലൗട്ടാരോ മാർട്ടിനസിലൂടെ ഇന്റർ ഗോൾ മടക്കി. 61ാം മിനിറ്റിൽ ബെഞ്ചമിൻ പവാർഡും ഇറ്റാലിയൻ ക്ലബിനായി വലകുലുക്കി. 76ാം മിനിറ്റിൽ എറിക് ഡയറിലൂടെ ജർമൻ ക്ലബ് ഗോൾ മടക്കിയതോടെ മത്സരം അവസാന മിനിറ്റിൽ ആവേശമായി. എന്നാൽ അവസാന മിനിറ്റിൽ ബയേൺ അവസരങ്ങൾ തുലച്ചതോടെ ഇന്റർ സെമിയിലേക്ക് ടിക്കറ്റെടുത്തു. സെമിയിൽ ആർസനൽ പിഎസ്ജിയേയും ഇന്റർമിലാൻ ബാഴ്‌സലോണയേയും നേരിടും