കുല്‍ദീപ് മുതല്‍ വിഘ്നേഷ് വരെ; എന്താണ് ചൈനാമാന്‍ ബോളിങ് ?

അപ്രതീക്ഷിത വേഗത്തില്‍ തിരിയുന്ന പന്തുകളില്‍ ഓള്‍ഡ് ട്രാഫോഡില്‍ അന്ന് ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വട്ടംകറങ്ങി

Update: 2025-04-18 11:33 GMT
Advertising

 ഐ.പി.എല്ലില്‍ മുംബൈ -ഡല്‍ഹി ത്രില്ലര്‍ പോരിന് ശേഷം മൈതാനത്ത് ഒരു അപൂര്‍വ കൂടിക്കാഴ്ച നടന്നു. ഡല്‍ഹി ബോളര്‍ കുല്‍ദീപ് യാദവും മുംബൈ യുവതാരം വിഘ്നേഷ് പുത്തൂരും തമ്മിലായിരുന്നു അത്. വിഘ്നേഷിനെ ചേര്‍ത്തു നിര്‍ത്തി നിര്‍ദേശങ്ങള്‍ പകര്‍ന്ന് നല്‍കുന്ന കുല്‍ദീപിനെ ക്യാമറകള്‍ ഒപ്പിയെടുത്തു. 'ഡല്‍ഹിയിലെ തന്‍റെ ചേട്ടനൊപ്പം വിഘ്നേഷ് പുത്തൂര്‍' എന്ന തലവാചകത്തോടെയാണ് മുംബൈ തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചത്. ഇന്ത്യന്‍ ടീമിലെ വിശ്വസ്തനായ സ്പിന്നറാണ് കുല്‍ദീപ് യാദവ്. 2017 ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കുല്‍ദീപ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ചെനാമാന്‍ ബോളറെന്ന പേരിലാണ്  പ്രസിദ്ധനായത്.

അടുത്തിടെ ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റില്‍ ചൈനാമാന്‍ ബോളിങ് ചര്‍ച്ചകളില്‍ നിറഞ്ഞു. ഒരു രഞ്ജി  മത്സരം പോലും കളിക്കാതെ മുംബൈക്കായി അരങ്ങേറ്റം കുറിച്ച മലയാളി യുവതാരം വിഘ്നേഷ് പുത്തൂര്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയതോടെയാണത്. ചൈനാമാന്‍ ശൈലിയില്‍ പന്തെറിയുന്ന വിഘ്നേഷ്  ഐ.പി.എല്‍ 18 ാം സീസണ്‍ ആരംഭത്തില്‍ തന്നെ തന്‍റെ പേരിനെ ആരാധക ഹൃദയങ്ങളില്‍ അനിഷേധ്യമാം വിധം എഴുതിച്ചേര്‍ത്ത് കഴിഞ്ഞു. 

മുംബൈക്കെതിരായ മത്സരത്തില്‍ വിജയം കുറിച്ച ശേഷം വിഘ്നേഷിനെക്കുറിച്ച് സൂപ്പര്‍ താരം വിരാട് കോഹ്‍ലി പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി. കളിയില്‍ മുംബൈ വിഘ്നേഷിന് ഒരോവര്‍ മാത്രം നല്‍കിയത് തങ്ങള്‍ക്ക് ഗുണമായെന്നായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. ''ചൈനാ മാന്‍ ബോളറെ നേരിടല്‍ ഒരല്‍പം ബുദ്ധിമുട്ടേറിയ പണിയാണ്. എന്നാല്‍ മുംബൈ ഒരോവറിന് ശേഷം അയാളെ പിന്‍വലിച്ചു. 25 റണ്‍സോളം ഞങ്ങള്‍ക്ക് ഇത് കൊണ്ട് മാത്രം സ്കോര്‍ബോര്‍ഡില്‍ അധികം ചേര്‍ക്കാനായി. വാംഖഡേയില്‍ പേസര്‍മാരെ നേരിടാന്‍ എളുപ്പമാണ്''-. കോഹ്ലി പറഞ്ഞു വച്ചു. 

പല മത്സരങ്ങളിലും നിര്‍ണായക വിക്കറ്റുകള്‍ നേടി ടീമിന് ബ്രേക് ത്രൂ നല്‍കിയ വിഘ്നേഷിനെ ഏറെ സൂക്ഷ്മതയോടെയാണ് മുംബൈ ഉപയോഗിക്കുന്നത് എന്നാണ് ക്രിക്കറ്റ് പണ്ഡിറ്റുകളില്‍ പലരുടേയും പക്ഷം. ഇത് വിമര്‍ശനത്തിനിടയാക്കുന്നുമുണ്ട്. എന്താണ് ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചൈനാമാന്‍ ബോളിങ് ശൈലി, എവിടെ നിന്നാണ് അതിന്‍റെ ഉത്ഭവം? 

കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നത്. വലംകൈയ്യന്‍ ലെഗ് സ്പിന്നര്‍മാര്‍ ബാറ്ററുടെ പുറത്തേക്ക് പന്ത് തിരിക്കുമ്പോള്‍ ചൈനമാന്‍ ബൗളര്‍മാര്‍ അകത്തേക്കാണ് പന്ത് തിരിക്കുക. വലംകയ്യന്‍ ബാറ്റര്‍മാര്‍ക്ക് കുത്തി തിരിഞ്ഞ് അകത്തേക്ക് വരുന്ന പന്തുകള്‍ പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. പന്ത് ബാറ്ററുടെ ഇടത് ഭാഗത്ത് പിച്ച് ചെയ്ത ശേഷം വലതുഭാഗത്തേക്കാണ് ടേണ്‍ ചെയ്യുക.  വിരലിന് പകരം കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്നതിനാല്‍ വേഗതയിലും വേരിയേഷനുകളുണ്ടാവും. ലെഫ്റ്റ് ആം അണ്‍ഓര്‍ത്തഡോക്‌സ് സ്പിന്‍ എന്നും ചൈനമാന്‍ ബോളിങ്ങിനെ വിശേഷിപ്പിക്കാറുണ്ട്.

വര്‍ഷം 1933. വിശ്വവിഖ്യാതമായ ഓള്‍ഡ് ട്രാഫോഡാണ് വേദി.  ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പര പുരോഗമിക്കുകയാണ്. വെസ്റ്റിന്‍ഡീസിന്‍റെ ചൈനീസ് വംശജനായ എല്ലിസ് അച്ചോങ്ങിന്‍റെ ഇടങ്കയ്യന്‍ ലെഗ് സ്പിന്‍ അന്ന് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.  കൈക്കുഴകൊണ്ട് അപ്രതീക്ഷിത വേഗത്തില്‍ തിരിയുന്ന പന്തുകളില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ വട്ടംകറങ്ങി.  ഇംഗ്ലീഷ് ബാറ്റര്‍ വാള്‍ട്ടര്‍ റോബിന്‍സ്  അച്ചോങ്ങിന്‍റെ പന്തില്‍  വീണ് പവലിയനിലേക്ക് മടങ്ങുകയായിരുന്നു. പുറത്തായതിന്റെ അരിശത്തില്‍ ' ബ്ലഡി ചൈനാമാന്‍' എന്നയാള്‍ ആക്രോശിച്ചു. അച്ചോങ്ങിനെതിരായവംശീയാധിക്ഷേപത്തില്‍   റോബിന്‍സ് വിവാദം വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത്  ചെനാമാന്‍ എന്ന പ്രയോഗം ഇടങ്കയ്യന്‍ ലെഗ് സ്പിന്നര്‍മാരെ വിളിക്കാന്‍ പൊതുവെ ഉപയോഗിച്ച് തുടങ്ങി. 

എണ്ണത്തില്‍ വളരെ കുറവാണെന്നതാണ് ചൈനാമാന്‍ ബൗളര്‍മാരെ ക്രിക്കറ്റിലെ മാണിക്യങ്ങളാക്കി മാറ്റുന്നത്. വിന്‍ഡീസ് താരം ഗാരി സോബേഴ്സ്, ആസ്ത്രേലിയയുടെ ബ്രാഡ് ഹോഗ്, ദക്ഷിണാഫ്രിക്കയുടെ പോള്‍ ആഡംസ്, മൈക്കില്‍ ബവന്‍, സൈമണ്‍ കാറ്റിച്ച് തുടങ്ങിയവരൊക്കെ ഈ പട്ടികയിലെ സുപ്രധാന പേരുകാരാണ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News