ഇതെന്തൊരു നോബോൾ; ഔട്ടായിട്ടും റിക്കൾട്ടൻ വീണ്ടും ക്രീസിൽ, ഇടപെട്ട് ഫോർത്ത് അമ്പയർ
ഐപിഎല്ലിലെ അപൂർവ്വ കാഴ്ചയ്ക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്.
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ്-സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ നാടകീയ രംഗം. സ്പിന്നർ സീഷൻ അൻസാരി എറിഞ്ഞ 7ാം ഓവറിൽ അഞ്ചാം പന്തിൽ പാറ്റ് കമ്മിൻസിന് ക്യാച്ച് നൽകി മുംബൈ ഓപ്പണർ റയാൻ റിക്കൽട്ടൻ പുറത്തായി. തുടർന്ന് എസ്ആർഎച്ച് താരങ്ങൾ വിക്കറ്റ് ആഘോഷിക്കുകയും റിക്കൽട്ടൻ ഡഗൗട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ കാര്യങ്ങൾ മാറിമറിഞ്ഞു. ഫോർത്ത് അമ്പയർ മത്സരത്തിലേക്ക് രംഗപ്രവേശനം ചെയ്തു. ഇതോടെ വാംഖഡെയിൽ കണ്ടത് നാടകീയ രംഗങ്ങൾ
സീഷൻ പന്തെറിയുമ്പോൾ വിക്കറ്റ് കീപ്പർ ഹെന്റിച് ക്ലാസന്റെ ഗ്ലൗ വിക്കറ്റിന് മുന്നിലേക്ക് വന്നിട്ടുണ്ടോയെന്ന സംശയം ഉയർന്നു. ഒടുവിൽ റിപ്ലെയിൽ ഇത് സ്ഥിരീകരിച്ചു. നേരിയ വ്യത്യാസത്തിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗ വിക്കറ്റിന് മുന്നിലായി കാണപ്പെട്ടു. ക്രിക്കറ്റ് ലോ അനുസരിച്ച് ഇത് നോബോളായതോടെ ഔട്ടായ റിക്കൾട്ടൻ വീണ്ടും ബാറ്റിങിനെത്തി. മുംബൈക്ക് അനുകൂലമായി ഫ്രീഹിറ്റും ലഭിച്ചു. വാംഖഡെ ഗ്യാലറിയിൽ വീണ്ടും ആഘോഷം തുടങ്ങി. വിക്കറ്റ് കീപ്പറുടെ പിഴവിൽ നോബോൾ ലഭിക്കുന്നത് ഐപിഎല്ലിലെ അപൂർവ്വ കാഴ്ചയായി മാറി. എന്നാൽ ലഭിച്ച ലൈഫ് മുതലാക്കാൻ താരത്തിനായില്ല. രണ്ട് ഫോറുകൾ പറത്തിയെങ്കിലും ഹർഷൽ പട്ടേൽ എറിഞ്ഞ തൊട്ടെടുത്ത ഓവറിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകി 31 റൺസുമായി ദക്ഷിണാഫ്രിക്കൻ താരം മടങ്ങി.