സൂപ്പർ ഓവറിൽ കളി കൈവിട്ട് രാജസ്ഥാൻ; ഡൽഹി ക്യാപിറ്റൽസിന് അഞ്ചാം ജയം, തലപ്പത്ത്
സൂപ്പർ ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം കെഎൽ രാഹുൽ-സ്റ്റബ്‌സ് സഖ്യം അനായാസം മറികടന്നു.
ഡൽഹി: ഐപിഎൽ 18ാം സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം നാല് പന്തിൽ ഡൽഹി മറികടന്നു. സന്ദീപ് ശർമ എറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യ പന്ത് ഡബിളെടുത്ത കെഎൽ രാഹുൽ രണ്ടാം പന്തിൽ സിക്‌സർ പറത്തി സമ്മർദ്ദം ഒഴിവാക്കുകയായിരുന്നു. മൂന്നാം പന്തിൽ സിംഗിൾ നേടുകയും ചെയ്തു. നാലാംപന്തിൽ ട്രിസ്റ്റൻ സ്റ്റബ്‌സും സിക്‌സടിച്ചതോടെ സ്വന്തം തട്ടകമായ അരുൺജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ സൂപ്പർ ഓവറിൽ ജയിച്ചുകയറി ആതിഥേയർ. രാജസ്ഥാനായി ഷിമ്രോൺ ഹെറ്റ്‌മെയറും റയാൻ പരാഗുമാണ് സൂപ്പർ ഓവർ ബാറ്റിങിനായി ഇറങ്ങിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഓവറിൽ ആദ്യപന്തിൽ റൺനേടാനായില്ലെങ്കിലും രണ്ടാം പന്തിൽ ഫോറടിച്ച് ഹെറ്റ്‌മെയർ രാജസ്ഥാന് പ്രതീക്ഷ നൽകി. മൂന്നാം പന്തിൽ സിംഗിൾനേടി റയാൻ പരാഗ് സ്‌ട്രൈക്കിങിലെത്തി. നാലാംപന്തിൽ പരാഗും ഫോർ നേടിയതോടെ രാജസ്ഥാൻ മികച്ച വിജയലക്ഷ്യം കുറിക്കുമെന്ന് പ്രതീക്ഷിച്ചു. ആ പന്ത് നോബോളായത് ഇരട്ടിനേട്ടമായി. എന്നാൽ സ്റ്റാർക്ക് എറിഞ്ഞ ഫ്രീഹിറ്റ് അനുകൂലമാക്കാൻ രാജസ്ഥാൻ ബാറ്റർമാർക്കായില്ല. കീപ്പർ കെഎൽ രാഹുലിന്റെ കൈയിലൊതുങ്ങിയ പന്തിനോടി പരാഗ് റണ്ണൗട്ടായി. അഞ്ചാംപന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ച ഹെറ്റ്‌മെയർ രണ്ടാം റണ്ണിനോടി. എന്നാൽ നോൺ സ്‌ട്രൈക്കിങ് എൻഡിൽ യശ്വസി ജയ്‌സ്വാളിന് റൺ പൂർത്തിയാക്കാനായില്ല. ഇതോടെ സൂപ്പർ ഓവറിൽ ഒരു പന്ത് ബാക്കിനിൽക്കെ 12 റൺസായി രാജസ്ഥാന്റെ വിജയലക്ഷ്യം.
നേരത്തെ ഇരുടീമുകളും 188 റൺസെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് പോയത്. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടാനാണായത്. 28 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ഓപ്പണർ യശസ്വി ജയ്‌സ്വാളും 51 റൺസ് നേടിയിരുന്നു.ഓപ്പണർമാരായ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. വിപ്രാജ് നിഗം എറിഞ്ഞ ആറാം ഓവറിൽ ഫോറും സിക്‌സുമടിച്ച് തകർപ്പൻ ഫോമിൽ നിൽക്കവെ സഞ്ജുവിന് പേശിവലിവ് അനുഭവപ്പെട്ടത് തിരിച്ചടിയായി. തുടർന്ന് ഒരുപന്ത് നേരിട്ടെങ്കിലും ബാറ്റ് ചെയ്യാനാവാതെ റിട്ടയർ ഹർട്ടായി തിരിച്ചുനടക്കുകയായിരുന്നു. തുടർന്ന് ക്രീസിലെത്തിയ റിയാൻ പരാഗ് (8) നിരാശപ്പെടുത്തി.
അവസാന ഓവറുകളിൽ തകർത്തടിച്ച നിതീഷ് റാണ രാജസ്ഥാന് വിജയപ്രതീക്ഷ നൽകി. എന്നാൽ മിച്ചൽ സ്റ്റാർക്കിന്റെ ഓവറിൽ വിക്കറ്റിന് മുന്നിൽകുരുങ്ങിയതോടെ വീണ്ടും ഡൽഹി പ്രതീക്ഷയുണർന്നു. അവസാന നിമിഷം വരെ പോരാടിയ ഷിമ്രോൺ ഹെറ്റ്‌മെയർ 15 റൺസുമായും ധ്രുവ് ജുറെൽ 26 റൺസുമായും പുറത്താകാതെ നിന്നു. സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് മാത്രമാണ് വിജയത്തിനായി രാജസ്ഥാന് വേണ്ടിയിരുന്നത്. കൃത്യമായ യോർക്കറുമായി കളംനിറഞ്ഞ ഓവറിൽ ഒരു ഫോർപോലും നേടാനാവാതെ വന്നതോടെ മത്സരം സൂപ്പർഓവറിലേക്ക് നീങ്ങുകയായിരുന്നു. അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്നപ്പോൾ ഡബിൾ ഓടാൻ ശ്രമിച്ച ജുറെൽ റണ്ണൗട്ടാകുകയായിരുന്നു
അതേ സമയം മത്സരത്തിൽ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 188 റൺസ് പടുത്തുയർത്തിയത്. ഡൽഹി നിരയിൽ അഭിഷേക് പോറൽ 49 റൺസുമായി ടോപ് സ്‌കോററായി. 14 പന്തിൽ 34 റൺസുമായി അക്‌സർ പട്ടേലും 32 പന്തിൽ 38 റൺസുമായി കെഎൽ രാഹുലും ഡൽഹിക്കായി മികച്ച പ്രകടനം നടത്തി. അവസാന ഓവറിൽ ട്രിസ്റ്റൻ സ്റ്റബ്‌സ്(18 പന്തിൽ 34) തകർത്തടിച്ചതോടെയാണ് സ്‌കോർ 188ലെത്തിയത്.