അഭിഷേക് നായരും ദിലീപും തെറിച്ചു; കോച്ചിങ് സ്റ്റാഫിൽ അഴിച്ചുപണിക്ക് ബിസിസിഐ
ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് നടപടി
മുംബൈ: ബോർഡർ-ഗവാസ്‌കർ ട്രോഫി തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ടീമിന്റെ കോച്ചിങ് സ്റ്റാഫിൽ മാറ്റത്തിനൊരുങ്ങി ബിസിസിഐ. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെയും ഫീൽഡിങ് കോച്ച് ടി ദിലീപിനെയും സ്‌ട്രെങ്ത്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായിയെയും ബോർഡ് പുറത്താക്കി. മൂന്ന് പേരുടെയും കരാർ കാലവധി അവസാച്ചെങ്കിലും നീട്ടിനൽകാൻ തയാറായില്ല.
കഴിഞ്ഞ വർഷം ടി20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗംഭീറിൻറെ സഹ പരിശീലകനായിരുന്ന അഭിഷേക് നായരെ ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായി നിയമിച്ചത്. ടി ദിലീപ് ദ്രാവിഡ് കോച്ചായിരിക്കുമ്പോൾ മുതൽ സഹ പരിശീലകനായുണ്ടായിരുന്നു. ഓരോ മത്സരത്തിലേയും മികച്ച ഫീൽഡറെ കണ്ടെത്തി മെഡൽ നൽകുന്നതടക്കമായി ദിലീപിന്റെ കാലയളവിൽ നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നത്.
അതേസമയം, ഗൗതം ഗംഭീറിന് കീഴിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ടായിരുന്ന റിയാൻ ടെൻ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോർണി മോർക്കൽ എന്നിവരെ തൽസ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. പുതിയ ഫീൽഡിംഗ് പരിശീലകനെ നിയമിക്കുന്നതുവരെ റിയാൻ ടെൻ ഡോഷെറ്റെ ആയിരിക്കും ഫീൽഡിങ് പരിശീലകന്റെ ചുമതല. ജൂണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപായാണ് ബിസിസിഐയുടെ നിർണായക തീരുമാനം പുറത്തുവന്നത്. ഇന്ത്യൻ ടീമിന്റെ ഡ്യൂട്ടി അവസാനിക്കുന്നതോടെ അഭിഷേക് നായർ വീണ്ടും കെകെആറിനൊപ്പം ചേരുമെന്നും റിപ്പോർട്ടുണ്ട്