'ഇന്ന് കുറിപ്പൊന്നുമില്ലേ..?'; അഭിഷേകിന്‍റെ പോക്കറ്റ് പരിശോധിച്ച് സൂര്യ- വീഡിയോ വൈറല്‍
കഴിഞ്ഞ ദിവസം മുംബൈക്കെതിരെ 28 പന്തിൽ 40 റൺസ് നേടിയ അഭിഷേക് ടീമിന്റെ ടോപ് സ്‌കോററായിരുന്നു
'ദിസ് ഈസ് ഫോർ ഓറഞ്ച് ആർമി' പഞ്ചാബ് കിങ്‌സിനെതിരായ തകർപ്പൻ സെഞ്ച്വറിക്ക് ശേഷം ഹൈദരാബാദ് യുവതാരം അഭിഷേക് ശർമ ഗാലറിക്ക് നേരെ ഉയർത്തിയ കുറിപ്പ് വൈറലായിരുന്നു. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്ന അഭിഷേക് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മികച്ച തുടക്കമാണ് ഹൈദരാബാദിന് സമ്മാനിച്ചത്.
കഴിഞ്ഞ ദിവസം മുംബൈക്കെതിരെ 28 പന്തിൽ 40 റൺസ് നേടിയ താരം ടീമിന്റെ ടോപ് സ്‌കോററായി. എന്നാൽ വാംഖഡെയിൽ മുംബൈയോട് പരാജയപ്പെടാനായിരുന്നു സൺറൈസേഴ്‌സിന്റെ വിധി. മത്സരത്തിനിടെ നടന്നൊരു രസകരമായ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബാറ്റ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ അഭിഷേകിനടുത്തേക്ക് നടന്നെത്തിയ മുംബൈ താരം സൂര്യകുമാർ യാദവ് അഭിഷേകിന്റെ പോക്കറ്റ് പരിശോധിച്ചു. ഇന്ന് കുറിപ്പ് വല്ലതുമുണ്ടോ എന്ന ഭാവത്തിൽ നിൽക്കുന്ന സൂര്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി.