സലാഹിനെ ലിവര്‍പൂള്‍ വിട്ടുകളയാത്തത് എന്ത് കൊണ്ട്?
ലിവർപൂൾ ജഴ്‌സിയിൽ പരിക്കു കാലങ്ങളോട് സലാഹിന് അധികം പടവെട്ടേണ്ടി വന്നിട്ടില്ല എന്നതാണ് അയാളുടെ കരിയറിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്
'മോർ ഔട്ട് ദാൻ ഇൻ..' ലിവർപൂളിൽ തുടരുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വങ്ങൾ തുടരുന്ന കാലത്ത് കഴിഞ്ഞ നവംബറിൽ മുഹമ്മദ് സലാഹ് പറഞ്ഞു വച്ചത് ഇങ്ങനെയായിരുന്നു. ആൻഫീൽഡിൽ തന്റെ കളിക്കാലങ്ങൾ അവസാനിക്കാനൊരുങ്ങുന്നു എന്ന വലിയ സൂചനയാണ് അയാൾ അന്ന് ലിവർപൂൾ ആരാധകർക്ക് നൽകിയത്.
ക്ലബ്ബിൽ തുടരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടും മാനേജ്‌മെന്റ് പാലിക്കുന്ന മൗനത്തിൽ സലാഹ് അസ്വസ്ഥനായിരുന്നു. അതയാള്‍ പലവുരു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ''വർഷം അവസാനിക്കാനൊരുങ്ങുന്നു. ക്ലബ്ബിൽ നിന്ന് ഇത് വരെ ഒരു ഓഫറും എന്നെ തേടിയെത്തിയില്ല. അത് കൊണ്ട് ആൻഫീൽഡിൽ ഇതെന്റെ അവസാന സീസണാവും.. ഇങ്ങനെ പോലും ഒരിക്കൽ സലാഹ് പറയുകയുണ്ടായി.. ലിവര്‍പൂളില്‍ നാല് കോടി രൂപയാണ് സലാഹിന്‍റെ പ്രതിവാര വരുമാനം. പെര്‍ഫോമന്‍സ് റിലേറ്റഡ് ബോണസടക്കം ആറ് കോടിയോളം വരുമത്. സീനിയറായൊരു താരത്തെ നിലവില്‍ നല്‍കുന്ന പ്രതിഫലത്തുകയില്‍ ഏറെക്കാലം നിലനിര്‍ത്തുന്നതെങ്ങനെയാണെന്ന ആലോചനയാണ് ലിവര്‍പൂളിന്‍റെ തീരുമാനം വൈകിച്ചത്.
'സൈൻ ഓൺ സൈൻ ഓൺ വിത് എ പെൻ ഇൻ ദെയർ ഹാന്‍റ്.. ആന്റ് ദേ വിൽ നെവർ വാക് എലോൺ.. സലാഹ്, വിർജിൽ വാന്റെക്ക്, ട്രെന്റ് അലക്‌സാണ്ടർ അർണോൾഡ്. നിരവധി സീസണുകളിൽ ക്ലബ്ബിന്റെ നെടും തൂണുകളായ ഈ മൂവർ സംഘത്തെ വിട്ടുകളയരുതെന്ന് ആരാധകർ ആൻഫീൽഡ് ഗാലറിയിലിരുന്നു പാടി. അതിനിടെ ട്രെന്റ് മാഡ്രിഡിലേക്ക് വിമാനം കയറാൻ തീരുമാനിച്ചു. ആരാധകരെ ഇത് ചൊടിപ്പിച്ചു. ട്രെന്റ് ദ ട്രെയിറ്റർ.. സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗുകൾ ഒഴുകിപ്പരന്നു.
അതിനിടെയാണ് ആരാധകരെ തേടി ആ സന്തോഷ വാർത്തയെത്തുന്നത്. സലാഹും വാന്റ്ക്കും എങ്ങും പോവുന്നില്ല. രണ്ട് വർഷം കൂടി ആൻഫീൽഡിന്റെ തിരുമുറ്റത്തുണ്ടാവും. കഴിഞ്ഞയാഴ്ചയാണ് ലിവർപൂൾ ഇരുവരുടേയും കരാർ പുതുക്കാൻ തീരുമാനിച്ചത്. സൗദിയിൽ നിന്നടക്കം വമ്പൻ ഓഫറുകളുണ്ടായിരിക്കേ അതിനൊന്നും യെസ് മൂളാതിരുന്ന സലാഹ് ലിവർപൂൾ മാനേജ്‌മെന്റിന്റെ തീരുമാനത്തിനായി ഇക്കാലമത്രയും കാത്തിരിക്കുകയായിരുന്നു. ജൂണിൽ സലാഹിന് 33 വയസ് തികയും. അതായത് 35 വയസ് വരെ സലാഹ് ചെങ്കുപ്പായമണിഞ്ഞ് ഇംഗ്ലീഷ് മണ്ണിലുണ്ടാവുമെന്ന് സാരം. ഒരു പതിറ്റാണ്ട് കാലം ആൻഫീൽഡിൽ പൂർത്തിയാക്കിയാലത് ഇതിഹാസ തുല്യമായൊരു നേട്ടമാണ്.
ലിവർപൂളിനൊപ്പം ലോകം ജയിച്ചവനാണ് സലാഹ്. യുവേഫ ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്.എ കപ്പ്, രണ്ട് ഇ.എഫ്.എൽ ട്രോഫികൾ, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് അങ്ങനെയങ്ങനെയങ്ങനെ. ഈ കിരീടങ്ങളിലേക്കുള്ള ലിവർപൂളിന്റെ ജൈത്രയാത്രകളിലൊക്കെ ടീമിൽ അയാൾ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതായി അയാളുടെ പേരുണ്ട്. ഇയാൻ റഷിനും റോജർ ഹണ്ടിനും ശേഷം ആൻഫീൽഡ് ഹിസ്റ്ററിയിലെ ഏറ്റവും വലിയ ഗോൾ മെഷീൻ അയാളാണ്. എട്ട് സീസൺ അയാൾ ആൻഫീൽഡ് ഗാലറികളുടെ ആരവങ്ങളെ തന്റെ സഞ്ചാര ഗതിക്കൊപ്പം നിയന്ത്രിച്ച് പോന്നു. 'മോസലാഹ്... റണ്ണിങ് ഡൗൺ ദ വിങ് ദ ഈജിപ്ഷ്യൻ കിങ്' ഗാലറി ഉച്ചത്തിൽ പാടി.
394 മത്സരങ്ങൾ 243 ഗോളുകൾ. 109 അസിസ്റ്റുകൾ. ഓരോ 91 മിനിറ്റിലും ഗോൾ ഇൻവോൾവ്‌മെന്റ്. സ്വപ്‌ന തുല്യമാണ് ഈ നേട്ടങ്ങൾ. 2017 ൽ സലാഹിനെ ആൻഫീൽഡിലേക്ക് കൊണ്ടു വരുമ്പോൾ മുഖം ചുളിച്ചവർ നിരവധിയാണ്. കാരണം ഇംഗ്ലീഷ് മണ്ണിൽ അയാളുടെ ഭൂതകാലങ്ങൾ അത്ര ഓർക്കാൻ കൊള്ളാവുന്നതൊന്നുമായിരുന്നില്ല. ചെൽസിയുടെ നീലക്കുപ്പായത്തിൽ 27 മത്സരങ്ങളിൽ നാല് ഗോളായിരുന്നു 2014 ൽ സലാഹിന്റെ സമ്പാദ്യം. പിന്നെ ഇറ്റലിയിലേക്കുള്ള ചുവടുമാറ്റം. അതയാളുടെ തലവരമാറ്റം കൂടെയായിരുന്നു. റോമയിൽ നിറഞ്ഞു കളിച്ച് കൊണ്ടിരിക്കേ ലിവർപൂൾ സലാഹിനെ ഇംഗ്ലീഷ് മണ്ണിലേക്ക് തിരികെ വിളിച്ചു. ആൻഫീൽഡിൽ കാല് കുത്തി ആദ്യ സീസണിൽ തന്നെ 52 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ. പിന്നെയൊരിക്കൽ പോലും അയാൾക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
പ്രീമിയർ ലീഗിൽ ഇതിനോടകം 182 തവണ സലാഹ് വലകുലുക്കി. ലീഗിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമന്‍. പ്രീമിയർ ലീഗിൽ മൂന്ന് ഗോൾഡൻ ബൂട്ടുകളാണ് സലാഹിന്റെ പേരിലുള്ളത്. ഇക്കുറി അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ അത് നാലായി ഉയരും. ഈ സീസണിൽ 27 ഗോളുകളുമായി ഗോൾഡൻ ബൂട്ട് റൈസിൽ ബഹുദൂരം മുന്നിലാണ് അയാള്‍.
ലിവർപൂൾ ജഴ്‌സിയിൽ പരിക്കു കാലങ്ങളോട് സലാഹിന് അധികം പടവെട്ടേണ്ടി വന്നിട്ടില്ല എന്നതാണ് അയാളുടെ കരിയറിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്. ലിവർപൂളിനൊപ്പം കഴിഞ്ഞ എട്ട് വർഷക്കാലത്ത് ഓരോ സീസണിലും 44 മത്സരങ്ങളോ അതിലധികമോ സലാഹ് കളിച്ചിട്ടുണ്ട്. ആദ്യ ഏഴ് സീസണുകളിൽ അഞ്ചിലും 50 ലേറെ അപ്പിയറൻസ്. ഏറ്റവും കുറവ് ഗോളുകൾ സ്‌കോർ ചെയ്തത് 2019-20 സീസണിലാണ്. അക്കാലത്തും 23 തവണ അയാൾ വലകുലുക്കിയിട്ടുണ്ട്. അഞ്ച് സീസണുകളിൽ 30 ഓ അതിലധികമോ ഗോളുകൾ.
മുന്നേറ്റങ്ങളിൽ സലാഹൊരു ഡ്യുവൽ ത്രെട്ടാണെന്ന് ഇംഗ്ലീഷ് മണ്ണിലെ പരിശീലകരിൽ പലരും സമ്മതിക്കുന്ന കാര്യമാണ്. ഫിനിഷറായ സലാഹിനെ ഭയക്കുന്നത് പോലെ തന്നെ സലാഹെന്ന ജീനിയസ് ക്രിയേറ്ററേയും എതിരാളികൾ ഒരു പോലെ ഭയന്നു. ഈ സീസണിൽ മാത്രം നോക്കൂ. ലീഗിൽ 17 അസിസ്റ്റുകളായി ഗോളിന് വഴിയൊരുക്കിയവരുടെ പട്ടികയിലും സലാഹ് ഒന്നാമനാണ്. രണ്ടാം സ്ഥാനത്തുള്ള ഫുൾഹാമിന്റെ ആന്റണി റോബിൻസന്റെ പേരില്‍ പത്ത് അസിസ്റ്റുകളാണ് ഉള്ളത് എന്നോര്‍ക്കണം. ഒരു 32 വയസുകാരനെ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കി ലിവര്‍പൂള്‍ കൂടെക്കൂട്ടാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങളന്വേഷിച്ച് ഇനിയെങ്ങോട്ടും പോവേണ്ടതില്ലല്ലോ.