ബേബി എ.ബി യെ റാഞ്ചി; നിർണായക നീക്കവുമായി ചൈന്നൈ
2.2 കോടിക്കാണ് മഞ്ഞപ്പട 21 കാരനെ സ്വന്തമാക്കിയത്
ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഡെവാൾഡ് ബ്രെവിസിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. പേസ് ബോളർ ഗുർജപ്‌നീത് സിങ്ങ് പരിക്കേറ്റ് പുറത്തായ ഒഴിവിലേക്കാണ് ബ്രെവിസിനെ നിർണായക നീക്കത്തിലൂടെ മഞ്ഞപ്പട തട്ടകത്തിലെത്തിച്ചത്.
2.2 കോടിക്കാണ് 21 കാരനെ ടീം സ്വന്തമാക്കിയത്. 2023 ല്‍ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറ്റം കുറിച്ച താരം രണ്ട് അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ പാഡ് കെട്ടി. ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയോട് സാമ്യമുള്ളതിനാൽ 'ബേബി എബി' എന്ന വിളിപ്പേരിലാണ് ബ്രെവിസ് അറിയപ്പെടുന്നത്.
2022 ലും 2024 ലും മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ബ്രെവിസ് പത്ത് മത്സരങ്ങളിൽ മുംബൈ ജഴ്‌സിയണിഞ്ഞു. കഴിഞ്ഞ വർഷം സൗത്താഫ്രിക്കൻ ടി20 ലീഗിൽ എം.ഐ കേപ്ടൗണിനായി 291 റൺസ് അടിച്ച് കൂട്ടിയ താരം ടീമിന്റെ ആദ്യ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. കരിയറിൽ ആകെ 81 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബ്രെവിസ് 1787 റൺസ് അടിച്ചെടുത്തിട്ടുണ്ട്.