'ക്ലബ്ബിന് എന്നെ വേണ്ട, മതിയാക്കുന്നു...' ബയേൺ വിടുന്നതായി തോമസ് മുള്ളർ
പടിയിറങ്ങുന്നത് ബയേണിനൊപ്പം ഏറ്റവുമധികം ട്രോഫികൾ നേടിയ, ടോപ് സ്കോററായ താരം
മ്യൂണിക്ക്: കരാർ പുതുക്കുന്ന കാര്യം സംസാരിക്കാൻ ക്ലബ്ബ് തയാറാവാത്തതിനാൽ ബയേൺ മ്യൂണിക്കുമായി വിടപറയുന്നുവെന്ന് ഇതിഹാസ താരം തോമസ് മുള്ളർ. സമൂഹ മാധ്യമങ്ങളിൽ ആരാധകർക്ക് എഴുതിയ കത്തിലൂടെയാണ് 25 വർഷത്തോളം താൻ പന്തുതട്ടിയ ക്ലബ്ബിന്റെ പടിയിറങ്ങുന്ന കാര്യം വെളിപ്പെടുത്തിയത്. ബയേണിന്റെ തട്ടകത്തിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിരീടം നേടി ക്ലബ്ബ് വിടാനാണ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
'കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ആ അവ്യക്തതകൾക്ക് വ്യക്തത നൽകാനാണ് ഈ കത്തിലൂടെ ഞാൻ ആഗ്രഹിക്കുന്നത്. ഇത്രയും വർഷങ്ങൾക്കു ശേഷവും, എന്റെ കളിസമയം എത്രയായാലും, മൈതാനത്ത് സഹതാരങ്ങളോടൊപ്പം നമ്മുടെ നിറങ്ങൾക്കു വേണ്ടി ഒരുമിച്ച് പോരാടുന്നതിൽ ഞാൻ ഏറെ സന്തോഷം കണ്ടെത്തുന്നു. അടുത്ത വർഷവും ഈ റോളിൽ തുടരണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, അടുത്ത സീസണിലേക്ക് ഞാനുമായി പുതിയ കരാർ ചർച്ചകൾ നടത്തേണ്ടതില്ലെന്ന് ക്ലബ്ബ് ബോധപൂർവം തീരുമാനിക്കുകയാണുണ്ടായത്. അതെന്റെ വ്യക്തിപരമായ ആഗ്രഹങ്ങളോട് യോജിക്കുന്നില്ലെങ്കിലും ക്ലബ്ബ് അതിന്റെ ബോധ്യങ്ങൾ പിന്തുടരേണ്ടത് പ്രധാനമാണ്. ബോർഡും സൂപ്പർവൈസറി ബോർഡും ഈ തീരുമാനമെടുത്തത് ചിന്തിക്കാതെയല്ലെന്ന് എനിക്കുറപ്പുണ്ട്. അതിനാൽ ഞാൻ ഈ നടപടിയെ മാനിക്കുന്നു.
കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും പൊതുസമൂഹത്തിലുണ്ടായ ആശയക്കുഴപ്പം ഞാൻ ആഗ്രഹിച്ചതായിരുന്നില്ല എന്നത് സത്യമാണ്. എന്നാൽ, ഇത് എന്നും എന്റെ ഫുട്‌ബോളിനൊപ്പമുണ്ടായിരുന്നു. അതൊരിക്കലും പൂർണതയുള്ളതായിരുന്നില്ല, എങ്കിലും എല്ലായ്‌പോഴും മുന്നോട്ട് നോക്കി അടുത്ത നീക്കത്തിനു വേണ്ടി ഞാൻ ശ്രമിച്ചു. ഒരു മിസ്പാസ് സംഭവിച്ചാൽ, ടീം ഒത്തൊരുമിച്ച് പന്ത് തിരിച്ചുപിടിക്കേണ്ടത് പ്രധാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന സംസാരങ്ങളിലൂടെ ഞങ്ങൾ അതാണ് നേടിയെടുത്തത്.
ബയേണിൽ ഞാൻ ചെലവഴിച്ച ദീർഘവർഷങ്ങൾ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു. 25 അവിശ്വസനീയമായ വർഷങ്ങൾ എന്റെ ഹൃദയത്തിന്റെ ക്ലബ്ബിനായി ചെലവഴിച്ചു. അതിൽ അതീവമായ സന്തോഷമുണ്ട്. ഒരുപാട് മനോഹരമായ നിമിഷങ്ങൾ ഒരുമിച്ച് പങ്കിട്ട ഈ ക്ലബ്ബിനോട് ഞാനും എന്നും കടപ്പെട്ടിരിക്കും.
ഇനി ഈ സീസണിലെ കായിക ലക്ഷ്യങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. മെയ് അവസാനത്തിൽ നമ്മുടെ തട്ടകത്തിൽ നടക്കുന്ന ഫൈനലിൽ എത്തുക എന്നതും ചാമ്പ്യൻസ് ബൗൾ വീട്ടിലെത്തിക്കുക എന്നതും സ്വപ്‌നതുല്യമായിരിക്കും. അതിനുവേണ്ടി ഞാൻ എന്തും നൽകും.
ഇതുവരെയുള്ള എല്ലാത്തിനും, ഇനി വരാനിരിക്കുന്ന എല്ലാത്തിനും നന്ദി....'
എന്നാണ് സോഷ്യൽ മീഡിയ കുറിപ്പിൽ താരം എഴുതിയത്.
2000-ൽ ബയേണിന്റെ യൂത്ത് സിസ്റ്റത്തിൽ ചേർന്ന മുള്ളർ 2008-ൽ റിസർവ് ടീമിലാണ് ക്ലബ്ബിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. മിഡ്ഫീൽഡർ, സെക്കന്റ് സ്‌ട്രൈക്കർ, വിങ്ങർ, സ്‌ട്രൈക്കർ തുടങ്ങിയ വ്യത്യസ്ത റോളുകളിൽ കളിക്കുന്ന താരം ബയേണിനു വേണ്ടി 710-ലേറെ പ്രൊഫഷണൽ മത്സരങ്ങളിൽ കളിച്ച് റെക്കോർഡിട്ടു. ബുണ്ടസ് ലീഗയിൽ 150 അടക്കം 245 ഗോളുകൾ ക്ലബ്ബിനു വേണ്ടി നേടി. 2009-10 സീസണിലും 2012-13 മുതൽ 2022-23 വരെയും ബുണ്ടസ് ലിഗ കിരീടം നേടിയ സംഘത്തിൽ അംഗമായി. രണ്ടു വീതം യുവേഫ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും യുവേഫ സൂപ്പർ കപ്പും നേടി. ബയേൺ കുപ്പായത്തിൽ 32 കിരീടങ്ങൾ നേടിയ താരം, ഈ നേട്ടത്തിൽ മറ്റാരേക്കാളും മുന്നിലാണ്. 16 ബുണ്ടസ് ലിഗ സീസണുകളിൽ തുടർച്ചയായി ഗോൾനേടിയ റെക്കോർഡും സ്വന്തമായുണ്ട്.
ബയേണിൽ നിന്ന് പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്നു വിരമിക്കുമെന്ന സൂചനകൾ മുള്ളറുടെ സന്ദേശത്തിൽ ഇല്ല. സൗദി അറേബ്യയിൽ നിന്നും അമേരിക്കൻ ലീഗിൽ നിന്നും താരത്തിന് ക്ഷണമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.