സിറ്റിയില്‍ ഡിബ്രൂയിനെ യുഗത്തിന് അന്ത്യം; സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടും
സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്
ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.
പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.