പകരം വീട്ടാനുള്ള കെല്‍പുണ്ടോ റയലിന്?
റയലിനെ കണക്കില്‍ കൂട്ടാതെ യമാല്‍; പകരം വീട്ടാനുറച്ച് ആഞ്ചലോട്ടി
''ഗ്രൗണ്ടിൽ ഞങ്ങളെ അവർക്ക് തോൽപ്പിക്കാനാവുന്നില്ല.. അത് കൊണ്ടവർ മറ്റു പല വഴികളും തേടുന്നു..'' ഡാനി ഒൽമോയുടെയും പോ വിക്റ്ററിന്റേയും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബാഴ്‌സലോണ പ്രസിഡന്‍റ് യൊവാൻ ലപ്പോർട്ടയുടെ പ്രതികരണം ഒരൽപ്പം കടുത്ത സ്വരത്തിലായിരുന്നു. രജിസ്‌ട്രേഷന് ആദ്യം അനുമതി നൽകിയ ലാലിഗ ഇപ്പോൾ മലക്കം മറിയുന്നത് മൈതാനത്ത് അവർക്ക് ഒരു വിധേനയും തങ്ങളെ തോൽപ്പിക്കാനാവുന്നില്ല എന്നത് കൊണ്ടാണോ എന്നാണ് ലപ്പോർട്ട ചോദിക്കുന്നത്.
യൂറോപ്പിലെ മുഴുവൻ കോംപറ്റീഷനുകളിലും അതിശയക്കുതിപ്പ് തുടരുന്ന ബാഴ്‌സലോണ കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് കോപ്പ ഡെൽ റേ കലാശപ്പോരിനും ടിക്കറ്റെടുത്തു. തോൽവിയറിയാതെ 21 മത്സരങ്ങൾ. 2025 ൽ ബാഴ്‌സലോണയുടെ അൺബീറ്റൺ റണ്ണിന് കടിഞ്ഞാണിടാൻ നാളിതുവരെ ആർക്കുമായിട്ടില്ല. ലാലിഗയിൽ ബദ്ധവൈരികളായ റയലുമായി മൂന്ന് പോയിന്റ് വ്യതാസത്തിൽ തലപ്പത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടാനൊരുങ്ങുന്നു. ഒരിക്കൽ കൂടി ട്രെബിൾ കിരീടനേട്ടത്തിന്റെ പടിവാതിൽക്കൽ.. 2008-9, 2014-15 സീസണുകളിലാണ് കറ്റാലൻ പട ഈ അതുല്യ നേട്ടത്തിൽ തൊട്ടത്.
ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാമ്പയിനുകൾ നടത്തിയ കാലത്തും ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി കിരീടമണിഞ്ഞപ്പോഴും യൂറോപ്പ്യൻ ജയന്റ്‌സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോസ് ബ്ലാങ്കോസിന് ഈ നേട്ടത്തിൽ തൊടാനായിരുന്നില്ല. കഴിഞ്ഞ വർഷം ലാലിഗയും ചാമ്പ്യൻസ് ലീഗ് കിരീടവും ഷെൽഫിലെത്തിച്ചപ്പോൾ കോപ്പ ഡെൽറേയിൽ കളിമറന്നു. ഇക്കുറിയും ബാഴ്‌സയെ പോലെ തന്നെ റയലിന് ട്രെബിൾ കിരീടം എന്ന സ്വപ്‌നം ബാക്കിയുണ്ട്. എന്നാലതിന്റെ ആയുസ് ഈ മാസം 26 വരെയാണെന്ന് മാത്രം. അന്ന് ഏതെങ്കിലുമൊരു ടീമിന് ആ മോഹം അവസാനിപ്പിക്കാം.
സെവിയ്യയിലെ എസ്റ്റാഡിയോ ഡെ ലാ കർട്ടുഹയിലാണ് കോപ്പ ഡെൽറേ ഫൈനലിന് അരങ്ങൊരുങ്ങുന്നത്. ആശങ്കകളൊട്ടുമില്ലാതെ ബാഴ്‌സ കലാശപ്പോരിനിറങ്ങുമ്പോൾ റയലിൽ കാര്യങ്ങൾ അത്രക്ക് സുഖകരമല്ല. ബെർണബ്യൂവിൽ അരങ്ങേറിയ ത്രില്ലറിൽ സോസിഡാഡിനെ തകർത്തെങ്കിലും ടീമിനെ വലച്ചിരുന്ന പ്രശ്‌നങ്ങൾക്കൊന്നും ആഞ്ചലോട്ടിക്ക് ഇതുവരെ പരിഹാരം കണ്ടെത്താൻ ആയിട്ടില്ലെന്ന് ആ മത്സരം ആരാധകരോട് വിളിച്ചു പറഞ്ഞു. ഡാനി കാർവഹാലും എഡർ മിലിറ്റാവോയും ഒഴിച്ചിട്ട ഇടങ്ങളിൽ ഒരു പെർഫെക്ട് റീപ്ലേസ്‌മെന്റിനെ കണ്ടെത്താൻ റയലിന് ഇതുവരെ ആയിട്ടില്ല. റൗൾ അസെൻസിയോയെ ഒരു പരിധി വരെ ആശ്രയിക്കാമെങ്കിലും വമ്പൻ പോരാട്ടങ്ങളിൽ ഈ പടക്കോപ്പുകളൊന്നും പോരാതെ വരുന്നുണ്ട്.
സീസണിൽ ബാഴ്‌സലോണയോട് രണ്ട് തവണയാണ് വൻമാർജിനിൽ നാണംകെട്ടത്. മൂന്നാം എൽ ക്ലാസിക്കോക്ക് ഒരുങ്ങുമ്പോൾ പണ്ട് വിനയായ ഡിഫൻസിലെ വിടവുകളൊക്കെ അവിടെത്തന്നെ കിടപ്പുണ്ട്. കോപ്പ ഡെൽറേ സെമിയിൽ ഡേവിഡ് അലാബയെ സ്റ്റാർട്ട് ചെയ്യിച്ച ആഞ്ചലോട്ടിക്ക് അവിടെയും കൈപൊള്ളി. അലാബയുടെ ഔൺ ഗോളിൽ ഒരു ഘട്ടത്തിൽ സോസിഡാഡ് 3-1 ന് ലീഡെടുക്കുക വരെയുണ്ടായി. ഈ സീസണിൽ ഗോൾ സ്‌കോറിങ്ങിൽ ഏറ്റവും മോശം റെക്കോർഡുള്ള ടീമുകളിൽ ഒന്നാണ് സോസിഡാഡ്. കഴിഞ്ഞ 29 മത്സരങ്ങളിൽ ആകെ 27 തവണയാണ് അവർക്ക് വലകുലുക്കാനായത്. അവരാണ് ബെർണബ്യൂവിൽ റയലിന്റെ വലയിലേക്ക് നാലു തവണ നിറയൊഴിച്ചത്. ഓൺ ടാർജറ്റിൽ സോസിഡാഡ് താരങ്ങൾ ആകെ ഉതിർത്ത നാല് ഷോട്ടുകളും വലയിൽ ചുംബിച്ചു. നാലാം ഗോൾ വീണ് കഴിഞ്ഞയുടൻ ബെർണബ്യൂവിൽ നമ്മൾ നാല് ഗോൾ വഴങ്ങി എന്ന് നിരാശയോടെ പറയുന്ന കിലിയൻ എംബാപ്പെയെ ക്യാമറകൾ ഒപ്പിയെടുത്തു.
കാർവഹാലിന് പകരം റൈറ്റ് ബാക്കായി ആഞ്ചലോട്ടി പല കളികളിലും ഉപയോഗിച്ച ലൂകാസ് വാസ്‌ക്വസ് ആ പൊസിഷനിൽ സമ്പൂർണ പരാജയമാണ് താനെന്ന് ഇതിനോടകം തെളിയിച്ച് കഴിഞ്ഞതാണ്. കോപ്പ ഡെൽ റേ സെമിയിലും അതാവർത്തിച്ചു. പിന്നെ ആ പൊസിഷനിൽ പരീക്ഷിക്കാനാവുന്നത് വാൽവർഡേയെ ആണ്. അതൊരു ശാശ്വത പരിഹാരമല്ല താനും. പലവുരു പ്രതിരോധത്തിൽ പരീക്ഷിച്ച ചുവാമെനിയും അമ്പേ പരാജയമാണെന്ന് തെളിയിച്ചു. സോസിഡാഡിനെതിരായ മത്സരത്തിന് ശേഷം ബെർണബ്യൂവിലെ പ്രകടനത്തിൽ ഒട്ടും തൃപ്തനല്ല താനെന്നാണ് ചുവാമെനി പ്രതികരിച്ചത്.
അടുത്തയാഴ്ച ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ ആഴ്‌സണലിനെ നേരിടാനൊരുങ്ങുമ്പോളും ആഞ്ചലോട്ടിക്ക് മുന്നിൽ ഈ പ്രശ്‌നങ്ങൾ വലിയ തലവേദനയായി കിടപ്പുണ്ട്. 30 ലീഗ് മത്സരങ്ങളിൽ ഇതിനോടകം 50 തവണ വലകുലുക്കി കഴിഞ്ഞ ഗണ്ണേഴ്‌സ് മുന്നേറ്റങ്ങളെ ഭയക്കാതെ എങ്ങനെയാണ്. ഒപ്പം സെറ്റ് പീസിൽ അവർ വിതക്കുന്ന അപകടങ്ങളേയും കരുതിയിരിക്കണം. റയല്‍ പ്രതിരോധത്തിലെ പ്രശ്നങ്ങളൊക്കെ മറ നീക്കി പുറത്ത് വന്ന സ്ഥിതിക്ക് മൈക്കില്‍ അര്‍ട്ടേറ്റ അത് മുതലെടുക്കുമെന്നത് തീര്‍ച്ചയാണ്. അതേ സമയം ഗണ്ണേഴ്സ് നിരയില്‍ കലഫിയോരിയും ഗബ്രിയേലും ടിംബറുമൊന്നും ഉണ്ടാവില്ലെന്നത് റയലിന് ആശ്വാസമാണ്.
കോപ്പ ഡെൽ റേ കലാശപ്പോരിൽ മുമ്പ് ഏഴു തവണയാണ് റയലും ബാഴ്‌സയും നേർക്കു നേർ വന്നത്. അതിൽ നാല് തവണ ബാഴ്‌സയെ തകർത്ത് റയൽ കിരീടം ചൂടിയപ്പോൾ മൂന്ന് തവണ ബാഴ്‌സ കിരീടമണിഞ്ഞു. 21ാം നൂറ്റാണ്ടിൽ രണ്ട് തവണ ഇരുവരും ഫൈനലിൽ ഏറ്റുമുട്ടി. അതിൽ രണ്ടിലും വിജയം റയലിനൊപ്പമായിരുന്നു. 2014 ലാണ് ഏറ്റവുമൊടുവിൽ കോപ്പ ഡെൽ റേ കലാശപ്പോരിൽ എൽ ക്ലാസിക്കോ അരങ്ങേറിയത്. അന്ന് 2-1 നായിരുന്നു റയലിന്റെ വിജയം. കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കേ ഗാരത് ബെയിൽ നേടിയ വണ്ടർ ഗോളിൽ ലോസ് ബ്ലാങ്കോസ് വിജയവും കിരീടവും കറ്റാലന്മാരുടെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി. അതിന് മുമ്പ് 2011 ൽ അരങ്ങേറിയ ഫൈനലിൽ ക്രിസ്റ്റ്യാനോ നേടിയ ഏക ഗോളിലാണ് റയൽ കിരീടം ചൂടിയത്.
ഒരിക്കല്‍ കൂടി ക്ലാസിക്കോക്ക് കളമൊരുങ്ങുമ്പോള്‍ ഇക്കുറി മേല്‍ക്കൈ കറ്റാലന്മാര്‍ക്കാണ്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ പുറത്തായതോടെ തങ്ങള്‍ക്കിനി എതിരാളികളില്ലെന്ന ലമീന്‍ യമാലിന്‍റെ പ്രഖ്യാപനം റയലിനെ ഞങ്ങള്‍ കണക്കില്‍ കൂട്ടിയിട്ടേയില്ലെന്ന് കൂടെയാണ്. കോപ്പ ഡെല്‍ റേ കലാശപ്പോരില്‍ ഇതിനൊക്കെ മറുപടി നല്‍കാന്‍ ആഞ്ചലോട്ടി ചില്ലറ വിയര്‍പ്പൊന്നുമൊഴിക്കിയാല്‍ പോര.