ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ അൽഹിലാലിനെ തകർത്ത് അൽ നസ്ർ
ഒന്നിനെതിരെ മൂന്ന് ഗോളിനാണ് വിജയം
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഒന്നിനെതിരെ മൂന്ന് ഗോളിന് അൽഹിലാലിനെ തകർത്ത് അൽ നസ്ർ. സൗദി പ്രോ ലീഗിൽ മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് റിയാദ് ഡർബിയിൽ നസ്‌റിന്റെ വിജയം. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇത്തിഹാദിനെ മറികടക്കാനുള്ള നീക്കം കൂടിയാണ് ക്രിസ്റ്റ്യാനോയും സംഘവും തടഞ്ഞത്.
ആദ്യ പകുതിയുടെ അധിക സമയം. മാർസലോ ബ്രോസോവിച്ചിന്റെ പാസ് അലി അൽ ഹസൻ ലക്ഷ്യത്തിലെത്തിച്ചു. ഹിലാലിനെതിരായ അൽ നസ്‌റിന്റെ ആദ്യ ഗോൾ. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിന് ശേഷം, റൊണാൾഡോയുടെ മുന്നേറ്റം. സാദിയോ മാനെയുടെ പാസിലൂടെ ക്രിസ്റ്റ്യാനോ നസ്‌റിന്റെ ലീഡ് വർധിപ്പിച്ചു. ലീഗിലെ റൊണാൾഡോയുടെ 20-ാമത് ഗോൾ. 62ാമത്തെ മിനിറ്റിൽ ഹിലാലിന്റെ തിരിച്ചടി. ഗോൾ 2-1. മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് ശേഷിക്കേ ലഭിച്ച പെനാൾട്ടി ക്രിസ്റ്റ്യാനോ വലയിലെത്തിച്ചു.
പാരമ്പര്യമായി വീറും വാശിയുമുള്ള ക്ലബ്ബുകളാണ് അൽ നസ്‌റും ഹിലാലും. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇത്തിഹാദിനെ മറികടന്ന് കുതിക്കാനുള്ള ഹിലാലിന്റെ നീക്കം കൂടിയാണ് നസ്ർ തടഞ്ഞത്. പോയിന്റ് നിലയിൽ ഒന്നാമതുള്ള ഇത്തിഹാദിനേക്കാൾ ഏഴു പോയിന്റ് പിറകിലാണ് നസ്ർ. രണ്ടാം സ്ഥാനത്തുള്ള ഹിലാലിനൊപ്പമെത്താൻ നസ്‌റിന് ഇനിയും മൂന്നു പോയിന്റ് കൂടി വേണം. സീസണിൽ എട്ടു മത്സരങ്ങളാണ് ഇനി നസ്‌റിന് ബാക്കി.