ഐ ലീഗ്: കളിയവസാനിച്ചപ്പോൾ ചർച്ചിൽ പോയന്റ് പട്ടികയിൽ മുന്നിൽ, പക്ഷേ കിരീടം തീരുമാനമായില്ല, ഗോകുലം നാലാമത്
ന്യൂഡൽഹി: ഐലീഗിലെ അവസാന മത്സര ദിനത്തിൽ അടിമുടി നാടകീയത. ചർച്ചിൽ ബ്രദേഴ്സും റിയൽ കാശ്മീരും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ രാജസ്ഥാനെതിരായ ഇഞ്ച്വറി ടൈമിൽ നേടിയ രണ്ട് ഗോളുകളോടെ ഇന്റർ കാശിയും വിജയിച്ചു. കിരീട പ്രതീക്ഷയുണ്ടായിരുന്ന ഗോകുലം കേരള ഡെംപോയോട് മൂന്നിനെതിരെ നാലുഗോളുകളുടെ തോൽവി ഏറ്റുവാങ്ങി.
നിലവിൽ 22 മത്സരങ്ങളിൽ നിന്നും 40 പോയന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. പക്ഷേ ചർച്ചിലിനെ ചാമ്പ്യൻമാരായി പ്രഖ്യാപിച്ചിട്ടില്ല. 22 മത്സരങ്ങളിൽ 39 പോയന്റുള്ള ഇന്റർ കാശി രണ്ടാമത് നിൽക്കുന്നുണ്ടെങ്കിലും അവരുടെ ഒരു മത്സരഫലം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ പരിഗണനയിലുണ്ട്. ഈ വിഷയത്തിൽ എഐഎഫ്എഫ് ഇന്റർ കാശിക്ക് അനൂകൂലമായി തീരുമാനമെടുക്കുകയാണെങ്കിൽ അവർക്ക് 42പോയന്റാകും. അങ്ങനെയെങ്കിൽ ഐലീഗ് ചാമ്പ്യൻ പട്ടവും ഐഎസ്എൽ പ്രവേശനവും അവർക്കാകും ലഭിക്കുക.
ഇന്റർകാശിയും നംധാരി എഫ്.സിയും ജനുവരി 13ന് നടന്ന മത്സരത്തിൽ നംധാരി 2-0ത്തിന് വിജയിച്ചിരുന്നു. പക്ഷേ സസ്പെഷൻഷനിലായ ബ്രസീലിയൻ താരം െക്ലഡ്സൺ കാർവാലോയെ നംധാരി കളിപ്പിച്ചെന്ന് കാണിച്ച് ഇന്റർകാശി പരാതി നൽകി. ഇതോടെ മത്സരത്തിൽ ഇന്റർകാശി 3-0ത്തിന് വിജയിച്ചതായി കാണിച്ച് എഐഎഫ്എഫ് അവർക്ക് മൂന്നുപോയന്റും നൽകി. എന്നാൽ സസ്പെഷൻഷനിലായ താരം ഇന്റർ കാശിക്ക് എതിരായ മത്സരത്തിൽ കളിക്കാനിറങ്ങരുതെന്ന അറിയിപ്പ് തങ്ങൾ അറിഞ്ഞില്ലെന്ന് കാണിച്ച് നംധാരി എഫ്.സിയും അപ്പീൽ നൽകിയിട്ടുണ്ട്. ഈ വിഷയത്തിലാണ് എഐഎഫ്എഫ് തീരുമാനം വരാനുള്ളത്.
വിജയിച്ചാൽ കിരീട പ്രതീക്ഷയുണ്ടായിരുന്ന ഗോകുലം സ്വന്തം തട്ടകത്തിൽ ആവശകരമായാണ് മത്സരം തുടങ്ങിയത്. മത്സരത്തിന്റെ 4,11 മിനുറ്റുകളിൽ തബിസോ ബ്രൗൺ നേടിയ ഗോളുകളിൽ ഗോകുലം മുന്നിലെത്തി. എന്നാൽ ക്രിസ്റ്റ്യൻ ഡാമിയൻ പെരസിന്റെയും കപിൽ ഹോബിളിന്റെയും ഗോളുകളിൽ ഡെംപോ തിരിച്ചടിച്ചു. 64ാം മിനുറ്റിൽ മഷൂർ ശരീഫ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഗോകുലത്തിന് തിരിച്ചടിയായി. വൈകാതെ 71ാം മിനുറ്റിൽ ദിദയർ ബ്രോസോ ഡെംപോയെ മുന്നിലെത്തിച്ചു. രണ്ട് മിനുറ്റുകൾക്ക് ശേഷം തബിസോ ബ്രൗൺ ഗോകുലത്തിനായി മൂന്നാം ഗോളും ഹാട്രിക്കും നേടിയെകിലും ഇഞ്ച്വറി ടൈമിൽ ക്രിസ്ത്യൻ ഡാമിയൻ പെരസ് ഡെംപോക്കായി വിജയഗോൾ നേടി.