കെവിൻ ഡിബ്രൂയ്നെ; ഇത്തിഹാദിലെ മഹാമാന്ത്രികൻ

അയാൾ മെസ്സിയെപ്പോലെ ചുവടുവെച്ചിട്ടില്ലായിരിക്കാം. അയാളുടെ കളിക്ക് നെയ്മറെപ്പോലെ ചാരുതയില്ലായിരിക്കാം. പക്ഷേ അയാളൊരു ക്രിയേറ്ററായിരുന്നു. മറ്റാരും കാണാത്ത വിടവുകളിലൂടെ പാസുകൾ കണ്ടെത്തുന്ന അതിമാനുഷികൻ.

Update: 2025-04-06 11:18 GMT
Advertising

ണ്ടാൽ നിശബ്ദനായിരിക്കും. അധികം സംസാരമോ ആത്മവിശ്വാസമുള്ള ശരീര ഭാഷയോ ഉണ്ടായിരിക്കില്ല. പക്ഷേ കാലുകളിൽ പന്ത് കിട്ടിയാൽ അവനേക്കാൾ ശബ്ദിക്കുന്ന മറ്റൊരാൾ ഉണ്ടാകില്ല. ഇതുപോലൊരു കൂട്ടുകാരൻ ഒരുപക്ഷേ നമുക്കുമുണ്ടാകും. കെവിൻ ഡിബ്രൂയ്നെയുടെ കാര്യവും ഇതുപോലെയാണ്. സ്റ്റൈലിഷ് ചിത്രങ്ങളാലോ ഫ്രീക്കി ഹെയർസ്റ്റൈൽ കൊണ്ടോ മാസ് ഡയലോഗുകളിലൂടെയോ അയാളധികം വാർത്തകളിൽ നിറഞ്ഞിട്ടില്ല. അയാൾ നിറഞ്ഞതെല്ലാം ആ കാലുകളുടെ ബലത്തിലായിരുന്നു.

കെവിൻ ഡിബ്രൂയ്നെയെന്ന കെഡിബി ആരായിരുന്നുവെന്ന് മാഞ്ചസ്റ്റർ സിറ്റി ആരാധകരോട് ചോദിച്ചുനോക്കൂ… കോമ്പസ് പോലെ ആ കാലുകൾകൊണ്ട് വരച്ചിട്ട പാസുകളെക്കുറിച്ചും തൊടുത്തുവിട്ട ഇടിമിന്നലുകളെക്കുറിച്ചും അവർ വാതോരാതെ നിങ്ങളോട് പറയും. ആ പേരിനെക്കുറിച്ച് ഇത്തിഹാദിലെ നീലമേഘങ്ങൾക്കും നിലാവുപടർന്ന രാത്രികൾക്കുപോലും ഒരുകഥപറയാനുണ്ടാകും.

ഒടുവിൽ ആ വാർത്ത വന്നിരിക്കുന്നു, ഒരു ദശാബ്ദത്തോളം നീണ്ട ഇത്തിഹാദ് വാസത്തിന് ശേഷം ഡിബ്രൂയ്നെ പടിയിറങ്ങുന്നു. അഥവാ  സിറ്റിയുടെ സുവർണകാലത്തിന്റെ പതാകവാഹകൻ ആകാശ നീല നിറങ്ങൾ ഊരുന്നു.

അയാൾ മെസ്സിയെപ്പോലെ ചുവടുവെച്ചിട്ടില്ലായിരിക്കാം. അയാളുടെ കളിക്ക് നെയ്മറെപ്പോലെ ചാരുതയില്ലായിരിക്കാം. പക്ഷേ അയാളൊരു ക്രിയേറ്ററായിരുന്നു. മറ്റാരും കാണാത്ത വിടവുകളിലൂടെ പാസുകൾ കണ്ടെത്തുന്ന അതിമാനുഷികൻ. ഗ്രൗണ്ടിലെ സമയസൂചികക്കും മുന്നിലായാണ് അയാൾ നടന്നിരുന്നത്. അടുത്ത നിമിഷത്തിൽ എന്തുസംഭവിക്കുമെന്ന് മുൻകൂട്ടിക്കണ്ടുള്ള നീക്കങ്ങൾ. തലപോലും പൊക്കാതെ കൃത്യമായി പാസുകൾ നീക്കുന്നത് കണ്ട് എതിരാളികൾ പോലും അമ്പരന്നിട്ടുണ്ട്. മൈതാനത്തെയും താരങ്ങളുടെ പൊസിഷനിങ്ങിനെയും അത്രയും മനപാഠമാക്കിയാണ് അയാൾ പാസുകൾ നെയ്തത്.

മാനുവൽ പെല്ലഗ്രീനിയുടെ കാലത്താണ് ഡിബ്രൂയ്നെ ഇത്തിഹാദിന്റെ പടി ചവിട്ടിയെങ്കിലും പെപ് ഗ്വാർഡിയോളയുടെ വരവോടെയാണ് അയാൾ പൂത്തുലഞ്ഞത്. പെപ് ഡിബ്രൂയ്നയെ പരിശീലിപ്പിക്കുകയായിരുന്നില്ല, മറിച്ച് തുറന്നുവിടുകയാണ് ചെയ്തതെന്ന് പറയാറുണ്ട്. അത് ശരിയായ നിരീക്ഷണമാണ്. പെപ്പിന്റെ വരവോടെ ഡിബ്രൂയ്നെ തന്നെത്തന്നെ തിരിച്ചറിഞ്ഞു. പെപ്പിന്റെ ചതുരംഗക്കളത്തിൽ നമ്പർ 10 ആയും എട്ടായും ഫാൾസ് നയനായുമെല്ലാം കെഡിബി മിന്നിത്തിളങ്ങി.

ഏതൊരു കോച്ചും ആഗ്രഹിക്കുന്ന താരമായിരുന്നു ഡിബ്രൂയ്നെ. അവൻ എന്തും ചെയ്യാൻ സാധിക്കുന്നവനെന്ന് പെപ് പറയുന്നതും ഒരു കംപ്ലീറ്റ് പാക്കേജെന്ന് ബെൽജിയം കോച്ചായരുന്ന റോബർട്ടോ മാർട്ടിനസ് വിളിക്കുന്നതും അതുകൊണ്ടാണ്.

ഡിബ്രൂയ്നെ എത്രത്തോളം ജീനിയസ് ആയിരുന്നുവെന്ന് തെളിയിക്കുന്ന ഒരുപാട് ഡാറ്റകൾ നമുക്ക് മുന്നിലുണ്ട്. ബോക്സിൽ ഫ്രീയായി നിൽക്കുന്ന ഒരു താരത്തെ കണ്ടെത്താൻ അദ്ദേഹത്തിന് പ്രത്യേക വിഷനുണ്ടായിരുന്നു. തന്റെ ക്രോസ് തടുക്കാനായി എതിർടീമിന്റെ സെന്റർബാക്ക് ഒരുങ്ങുമ്പോൾ അതിന് പിന്നിൽ ഒരു സ്പെയിസ് കണ്ടെത്തി അസിസ്റ്റ് ഒരുക്കുക എന്നത് ഡിബ്രൂയ്നെ പലകുറി വിജയിപ്പിച്ച തന്ത്രമായിരുന്നു


മറ്റൊന്ന് അപ്രതീക്ഷിതമായ പാസുകളാണ്. എതിർടീം ഡിഫൻഡർമാർ കയറിനിൽക്കുകയാണെങ്കിൽ അവർക്കിടയിലൂടെ തന്റെ സ്ട്രൈക്കർക്ക് ഓടിയെടുക്കാൻ പാകത്തിൽ അളന്നുമുറിച്ചുകൊടുക്കുന്ന പാസുകൾ ഒരു വജ്രായുധമായിരുന്നു.


എതിർടീം ഡിഫൻമാർ ലോ ലൈനിൽ ആണെങ്കിൽ തലക്ക് മുകളിലൂടെ നൽകുന്ന അസിസ്റ്റുകളാണ് മറ്റൊന്ന്.

ഡിബ്രൂയ്നെയുടെ ടെക്നിക്കൽ ബ്രില്യൻസിന് ഉദാഹരണമായി പറയുന്ന മറ്റൊന്ന് പോക്കറ്റുകളിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. അഥവാ എതിർടീമിന്റെ പ്രതിരോധനത്തിനും മധ്യനിരക്കും ഇടയിലുള്ള ശൂന്യതയിലുള്ള നിർത്തം.


ഈ പൊസിഷനിൽ നിൽക്കുമ്പോൾ അയാളെ ആര് മാർക്ക് ചെയ്യണമെന്നതിൽ എതിർടീം കൺഫ്യൂഷനിലാകും. ആ സമയത്ത് പന്ത് സ്വീകരിക്കുന്ന ഡിബ്രൂയ്നെ തിരിഞ്ഞോടുന്നതോടെ എതിർടീം ചിതറുന്നു.

കൂടാതെ ബാക്ക് പോസ്റ്റിലേക്ക് വളഞ്ഞിറക്ങ്ങുന്ന സെറ്റ്പീസുകൾ, ഓവർലാപ്പുകൾ, ഓഫ് ദി ബോൾ പെർഫോമൻസ്, കണ്ണഞ്ചിപ്പിക്കുന്ന വേഗം എന്നിവയും അയാളെ ഡെയ്ഞ്ചറസാക്കി. ലേറ്റ് എൻട്രിയായി വന്നുള്ള ലോങ് റോഞ്ചർ ഗോളുകൾ വേറെയും

പ്രായവും പരിക്കും തളർത്തിയ ഈ 33 കാരന്റെ ഭാവി എന്താണെന്ന് ഉറപ്പായിട്ടില്ല. സൗദിയും അമേരിക്കയും മുതൽ തുർക്കി ലീഗ് വരെ സാധ്യത പട്ടികയിലുണ്ട്. ഏതായാലും പ്രീമിയർ ലീഗിന്റെ വേഗത്തിലേക്ക് തിരിച്ചുവരാനുള്ള ബാല്യം അയാളിൽ ഉണ്ടാകാനിടയില്ല.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - സഫ്‌വാന്‍ റാഷിദ്

Writer

Similar News