കമവിംഗ ഗോളിൽ റയലിന് ജയം; യുണൈറ്റഡിനെ തോൽപിച്ച് ന്യൂകാസിൽ ടോപ് ഫോറിൽ
38ാം മിനിറ്റിൽ കിലിയൻ എംബാപെക്ക് ചുവപ്പ്കാർഡ് ലഭിച്ചു
മാഡ്രിഡ്: ലാലീഗയിൽ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോൽപിച്ച് റയൽ മാഡ്രിഡ്. 34ാം മിനിറ്റിൽ എഡ്വാർഡോ കമവിംഗയാണ് വിജയ ഗോൾനേടിയത്. ഗോൾ നേടിയ നാല് മിനിറ്റിന് ശേഷം സൂപ്പർ താരം കിലിയൻ എംബാപെ ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയതോടെ പത്തുപേരുമായാണ് റയൽ കളിച്ചത്. 70ാം മിനിറ്റിൽ അലാവസ് താരം മാനുവൽ സാഞ്ചസിനും ചുവപ്പ്കാർഡ് ലഭിച്ചു. ചാമ്പ്യൻസ് ലീഗിൽ ആർസനലിനോടേറ്റ തിരിച്ചടിക്ക് ശേഷം റയലിന് ആത്മവിശ്വാസം വീണ്ടെടുക്കുന്നതായി ജയം. 31 മാച്ചിൽ 70 പോയന്റുമായി ബാഴ്സലോണയാണ് ലാലീഗ ടേബിളിൽ തലപ്പത്ത്. 66 പോയന്റുള്ള റയൽ രണ്ടാമതാണ്.
📞 ➡️ ⚽ pic.twitter.com/R9qUI7poAC
— Real Madrid C.F. (@realmadrid) April 13, 2025
പ്രീമിയർലീഗ് ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോളിൽമുക്കി ന്യൂകാസിൽ യുണൈറ്റഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ ജയിച്ചുകയറിയത്. ഹാവി ബാർണെസ്(49,64) ന്യൂകാസിലിനായി ഇരട്ടഗോൾ നേടിയപ്പോൾ ടൊണാലി(24), ബ്രൂണോ ഗിമെറസ്(77) എന്നിവരും ലക്ഷ്യംകണ്ടു. അലചാൻഡ്രോ ഗർണാചോ(37) യുണൈറ്റഡിനായി ആശ്വാസ ഗോൾനേടി. ജയത്തോടെ ടേബിളിൽ ടോപ് ഫോറിലേക്ക് മുന്നേറാനും ന്യൂകാസിലിനായി. തോൽവിയോടെ യുണൈറ്റഡ് 14ാം സ്ഥാനത്താണ്