റയലിനെ വട്ടംകറക്കിയ 18 കാരൻ; ലൂയിസ് സ്‌കെല്ലി,ആർസനലിന്റെ സൈലന്റ് കില്ലർ
ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ ഗോൾനേടി യുവതാരം വരവറിയിച്ചിരുന്നു.
''അവൻ ആ വലിയ പരീക്ഷണവും വിജയിച്ചിരിക്കുന്നു. ചാമ്പ്യൻസ് ലീഗിലെ സുപ്രധാന നോക്കൗട്ട് വേദി. ലോസ് ബ്ലാങ്കോസിനെതിരെ ഒട്ടും ഭയമില്ലാതെ ഫുൾ കോൺഫിഡൻസിൽ പന്തുതട്ടുന്നൊരു 18 കാരൻ. ഇംഗ്ലീഷ് ടീമിനും ആർസനലിനും അവൻ വലിയ പ്രതീക്ഷയാണ്'' എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ റയലിനെതിരായ മത്സരത്തിന് ശേഷം ഗണ്ണേഴ്‌സിന്റെ യങ് സെൻസേഷൻ ലൂയിസ് സ്‌കെല്ലിയെ കുറിച്ച് മുൻ ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണിയുടെ വാക്കുകളാണിത്. എമിറേറ്റ്സ് സ്റ്റേഡിയത്തിലെ മിന്നും വിജയത്തിന് ശേഷം ഡെക്ലാൻ റൈസായിരുന്നു തലക്കെട്ടുകളിലെ താരമെങ്കിൽ ടീമിലെ സൈലന്റ് കില്ലറായിരുന്നു ലൂയിസ് സ്‌കെല്ലി.
ടാക്ലിങിലും ഡ്രിബ്ലിങിലും നൂറുശതമാനം കൃത്യത. പാസ് ആക്യുറസിയിൽ 95 ശതമാനം. മത്സരത്തിലുടനീളം 54 പാസുകൾ കംപ്ലീറ്റ് ചെയ്ത യുവതാരം മിക്കെൽ മെറീന നേടിയ മൂന്നാം ഗോളിനുള്ള അസിസ്റ്റും നൽകി ശ്രദ്ധാകേന്ദ്രമായി. റയലിനെതിരായ ആദ്യ പാദ ക്വാർട്ടറിൽ മുഴുവൻ സമയവും കളത്തിൽ തുടർന്ന 18 കാരൻ രണ്ട് കീ പാസുകളും ടീമിനായി പ്രൊവൈഡ് ചെയ്തു. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ് കഴിഞ്ഞാൽ ഗണ്ണേഴ്‌സ് നിരയിൽ ഇത്രയധികം ഇൻവോൾവോടെ കളിച്ച മറ്റൊരാളില്ല. അറ്റാക്കിങിലേക്ക് കൂടുതൽ കോൺഡ്രിബ്യൂട്ട് ചെയ്യുന്നതോടൊപ്പം ഡിഫൻസീവ് ഡ്യൂട്ടിയും ഭംഗിയാക്കിയാണ് ഈ ലെഫ്റ്റ് വിംഗർ എമിറേറ്റ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത്. ലൂക്കാ മോഡ്രിച്, ജൂഡ് ബെല്ലിങ്ഹാം, കിലിയൻ എംബാപെയടക്കമുള്ള വൻ തോക്കുകളെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭമാക്കുന്നതായിരുന്നു സ്‌കെല്ലിയുടെ പ്രകടനം.
ആർസനൽ അക്കാദമിയിലൂടെ മൈതാനത്ത് ചുവടുറപ്പിച്ച സ്‌കെല്ലി ഏഴ് മാസം മുൻപ് മാത്രമാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ലെഫ്റ്റ് വിങറായി കളിക്കുന്നതോടൊപ്പം മിഡ്ഫീൽഡിലും താരം വരവറിയിച്ചു. തുടക്കകാരന്റെ പതർച്ചയില്ലാതെ പന്തുതട്ടിയ ഇംഗ്ലീഷ് താരം വളരെപെട്ടെന്നാണ് പരിശീലകൻ മിക്കെൽ ആർട്ടേറ്റയുടെ ഗുഡ് ബുക്കിൽ ഇടംപിടിച്ചത്. ചാമ്പ്യൻസ് ലീഗ് പോലൊരു പ്രധാനവേദിയിലെ നിർണായക റോളിലേക്ക് താരത്തെ പരിഗണിക്കുന്നതിനുള്ള പ്രധാന കാരണവും ആ പ്രതിഭയിലുള്ള കോച്ചിന്റെ വിശ്വാസമായിരുന്നു. ടാക്ലിങിലും ഡ്യുവൻ വിൻചെയ്യുന്നതിലെ മികവും ബോക്‌സ് ടു ബോക്‌സ് പ്ലെയർ എന്നതും ഗണ്ണേഴ്സിന് വലിയ മുതൽകൂട്ടായി. ഡെക്ലാൻ റൈസ്-മാർട്ടിൻ ഒഡേഗാർഡ് എന്നിവരുമായി ചേർന്ന് സ്‌കെല്ലി നടത്തിയ പല നീക്കങ്ങളും എതിർ പ്രതിരോധത്തെ കീറിമുറിക്കുന്നതായിരുന്നു. ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഗോൾനേടി എർലിങ് ഹാളണ്ട് സ്‌റ്റൈലിൽ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ സ്‌കെല്ലി നടത്തിയ ആഘോഷം ഗണ്ണേഴ്‌സ് ആരാധകരുടെ മനസിൽ ഇന്നും മായാതെ കിടപ്പുണ്ടാവും. വെയിൻ റൂണിയെ മറികടന്ന് പ്രീമിയർലീഗ് ചാമ്പ്യൻ ക്ലബിനെതിരെ ഗോൾനേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡും അന്ന് സ്‌കെല്ലി സ്വന്തംപേരിലാക്കി.
ആർസനൽ ടീമിലെ മിന്നുംപ്രകടനം ഇംഗ്ലീഷ് ഫുട്‌ബോൾ പരിശീലകൻ തോമസ് തുഷേലിന്റെ റഡാറിലേക്കും ലെവിസ് സ്‌കെല്ലിയെയെത്തിച്ചു. അൽബേനിയക്കെതിരായ ലോകകപ്പ് യോഗ്യതാ മാച്ചിൽ ആദ്യമായി ഇംഗ്ലീഷ് ജഴ്‌സിയിൽ. അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോളടിച്ചാണ് യുവതാരം തൻറെ വരവറിയിച്ചത്. ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടവും ആ മത്സരത്തിൽ ഒപ്പംചേർക്കാനായി. മാർക്കസ് റാഷ്‌ഫോഡിന്റെ റെക്കോർഡാണ് അന്ന് സ്‌കെല്ലി മറികടന്നത്.
ലണ്ടനിൽ നിന്ന് ലഭിച്ച കോൺഫിഡൻസുമായി ഗണ്ണേഴ്‌സ് സാന്റിയാഗോ ബെർണാബ്യൂവിലേക്ക് പറക്കും. പ്രീമിയർലീഗിൽ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ച ഇംഗ്ലീഷ് ക്ലബിന് മുന്നിൽ ആ വലിയ സ്വപ്നം കാത്തിരിക്കുന്നു. ഫിയർലെസ് ഫുട്‌ബോൾ കളിക്കുന്ന ലെവിസ്സ്‌കെല്ലിയുടെ മറ്റൊരു പ്രതിഭാ സ്പർശമുണ്ടാകുമോ...കാത്തിരിന്നു കാണാം.