ടോപ്പ് 4നായി കടിപിടി വേണ്ട; പ്രീമിയർ ലീഗിൽ നിന്നും ഏഴ് ടീമുകൾ വരെ ചാമ്പ്യൻസ് ലീഗ് കളിച്ചേക്കാം
ലണ്ടൻ: പൊതുവേ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്താൻ കടുത്ത പോരാട്ടമാണ് നടക്കാറുള്ളത്. ഇക്കുറിയും അതിൽ വലിയ മാറ്റമൊന്നുമില്ല. 31 മത്സരങ്ങൾ പിന്നിടുമ്പോൾ 73 പോയന്റുള്ള ലിവർപൂളും 62 പോയന്റുള്ള ആർസനലും മാത്രമാണ് ടോപ്പ് 4 ഉറപ്പിച്ചത്. അരഡസനിലേറെ ടീമുകൾ ഇതിലുൾപ്പെടാൻ മത്സരിക്കുന്നു.
എന്നാൽ ടോപ്പ് 4നായി ഇക്കുറി അത്ര കടിപിടി വേണ്ട എന്നാണ് പുതിയ വാർത്തകൾ പറയുന്നത്. കാരണം അടുത്ത സീസണിൽ അഞ്ചുപ്രീമിയർ ലീഗ് ടീമുകൾക്ക് ഉറപ്പായും ചാമ്പ്യൻസ് ലീഗ് കളിക്കാം. യുവേഫ കോഎഫിഷ്യന്റ് റാങ്കിങ്ങിൽ പ്രീമിയർ ലീഗ് ഒന്നാമതെത്തിയതോടെയാണ് അഞ്ചുടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പായത്. യുവേഫ നടത്തുന്ന ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ കളിക്കുന്ന ടീമുകളുടെ പ്രകടനം നോക്കിയാണ് കോഎഫിഷ്യന്റ് റാങ്കിങ് നടപ്പാക്കുന്നത്.
പോയ വർഷം ഈ കോഎഫിഷ്യന്റ് റാങ്കിങ്ങിന്റെ ഗുണം ജർമൻ ബുണ്ടസ് ലീഗിനും ഇറ്റാലിയൻ സെരിഎക്കുമാണ് ലഭിച്ചത്. അങ്ങനെ ഈ ലീഗുകളിലെ അഞ്ചാം സ്ഥാനക്കാരായ ബൊലോനക്കും ഡോർട്ട്മുണ്ടിനും ഇക്കുറി കളിക്കാൻ അവസരം കിട്ടി.
ഈ അഞ്ച് ടീമുകൾക്ക് പുറമേ ഇംഗ്ലണ്ടിൽ നിന്നും കൂടുതൽ ക്ലബുകൾ ചാമ്പ്യൻസ് കളിക്കാൻ സാധ്യതയുണ്ട്. യൂറോപ്പ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും സജീവമായുണ്ട്. ഈ രണ്ട് ടീമുകളും പ്രീമിയർലീഗ് ടോപ്പ് 5ലൂടെ ചാമ്പ്യൻസ് ലീഗിലേക്ക് വരാൻ സാധ്യത ഒട്ടുമില്ല. യൂറോപ്പ ലീഗ് വിജയിക്കുന്ന ടീമിന് ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പാണ്. ഇവരിൽ ആരെങ്കിലും യൂറോപ്പ ലീഗ് വിജയിച്ചാൽ പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗിനെത്തുന്ന ക്ലബുകൾ ആറാകും
ഏഴാമതൊരു ടീമിന് കൂടി സാധ്യതയുണ്ട്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് നടക്കാൻ ബുദ്ധിമുട്ടാണ്. നിലവിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആസ്റ്റൺ വില്ല ജേതാക്കളാകുകയും പ്രീമിയർ ലീഗ് ടോപ്പ് 5ൽഉൾപ്പെടാതിരിക്കുകയും ചെയ്താൽ ഏഴാമതൊരുടീമിന് കൂടി ചാമ്പ്യൻസ് ലീഗ് കളിക്കാം. പക്ഷേ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യപാദത്തിൽ പിഎസ്ജിയോട് 3-1ന് പരാജയപ്പെട്ട ആസ്റ്റൺ വില്ലക്ക് അത്തരമൊരു സാധ്യത വിദൂരമാണ്.