അവസാന സ്ഥാനക്കാരോട് സമനില; പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി

സതാംപ്ടണിനോട് സമനിലയിൽ പിരിഞ്ഞതോടെ ടോപ് ഫൈവിലെ സിറ്റിയുടെ സ്ഥാനത്തിനും ഇളക്കംതട്ടി

Update: 2025-05-10 16:53 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഉറപ്പിച്ച സതാംപ്ടണിനോട് സമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി(0-0). ഇരുടീമുകൾക്കും ഗോൾവല ചലിപ്പിക്കാനായില്ല. അവസാന മിനിറ്റുവരെ വിജയഗോളിനായി നീലപട ശ്രമം നടത്തിയെങ്കിലും കൃത്യമായ പ്രതിരോധകോട്ടകെട്ടി സതാംപ്ടൺ പിടിച്ചുനിന്നു. പരിക്ക്മാറി ദീർഘകാലത്തിന് ശേഷം സ്‌ട്രൈക്കർ എർലിങ് ഹാളണ്ട് മുഴുവൻസമയം കളിച്ചെങ്കിലും നിറംമങ്ങി. ദുർബലരായ സതാംപ്ടണോട് സമനില വഴങ്ങിയതോടെ ടോപ് ഫൈവ് ഉറപ്പാക്കി ചാമ്പ്യൻസ് ലീഗ് യോഗ്യതനേടാനുള്ള സിറ്റിയുടെ നീക്കത്തിനും തിരിച്ചടി നേരിട്ടു. നിലവിൽ 36 മാച്ചിൽ 65 പോയന്റുള്ള പെപ് ഗ്വാർഡിയോളയുടെ സംഘം മൂന്നാമത് തുടരുന്നു. ഒരു മത്സരം കുറവ് കളിച്ച ന്യൂകാസിൽ യുണൈറ്റഡും ചെൽസിയും 63 പോയന്റുമായി നാലും അഞ്ചും സ്ഥാനത്ത് തുടരുന്നു. 61 പോയന്റുള്ള നോട്ടിങ്ഹാം ഫോറസ്റ്റാണ് ആറാമത്. ടോപ് ഫൈവ് ഉറപ്പിക്കാൻ ടീമുകൾക്കെല്ലാം ഇതോടെ മത്സരം നിർണായകമായി.

 ഗോൾനേടാനുള്ള നിരവധി അവസരങ്ങളാണ് സിറ്റി താരങ്ങൾ നഷ്ടപ്പെടുത്തിയത്. സതാംപ്ടൺ ഗോൾകീപ്പർ അരോൺ റാംസഡൈലിന്റെ മികച്ച സേവുകളും ആതിഥേയരുടെ രക്ഷക്കെത്തി. മറ്റു മത്സരങ്ങളിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എവർട്ടൻ ഫുൾഹാമിനേയും എതിരില്ലാത്ത രണ്ട് ഗോളിന് ബ്രൈട്ടൻ വോൾവ്‌സിനേയും തോൽപിച്ചു. ബ്രെൻഡ്‌ഫോഡ്(1-0) ഇപ്‌സ്‌വിച് ടൗണിനെയും കെട്ടുകെട്ടിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News