അടി, തിരിച്ചടി, കിടിലൻ ഗോളുകൾ; ആവേശമായി ബാഴ്സ-ഇന്റർ പോരാട്ടം
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് സെമിയിൽ ബാഴ്സേലാണ-ഇൻർ പോരാട്ടം ആവേശസമനിലയിൽ കലാശിച്ചു. ബാഴ്സ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്നുഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
ബാഴ്സലോണയെ ഞെട്ടിച്ചുകൊണ്ടാണ് ഇൻർ മത്സരം തുടങ്ങിയത്. ആദ്യ മിനുറ്റിൽ തന്നെ മാർക്കസ് തുറാമിന്റെ ഗോളിൽ ഇൻർ മുന്നിൽ. പിന്നാലെ 21ാം മിനുറ്റിൽ കോർണർ കിക്ക് അക്രോബാറ്റിക് ഷോട്ടിലൂടെ ബാഴ്സ വലയിലേക്ക് തൊടുത്ത് ഡെൻസൽ ഡംഫ്രൈസിന്റെ രണ്ടാംഗോൾ. പക്ഷേ 24ാം മിനുറ്റിൽ ഒറ്റക്കുള്ള മുന്നേറ്റത്തിന് ഒടുവിലുള്ള ലോങ് റേഞ്ചറിലൂടെ ബാഴ്സക്കായി യമാലിന്റെ മറുപടി. പിന്നാലെ 38ാം മിനുറ്റിൽ റഫീന്യയുടെ അസിസ്റ്റിൽ ഫെറൻ ടോറസിന്റെ മറുപടി. ആദ്യ പകുതിക്ക് പിരിയുമ്പോൾ മത്സരം 2-2.
രണ്ടാം പകുതിയിലും ആദ്യം മുന്നിലെത്തിയത് ഇന്റർ. 63ാം മിനുറ്റിൽ കോർണർ കിക്കിന് തലവെച്ച ഡംഫ്രിസ് വീണ്ടും ഇന്ററിനെ മുന്നിലെത്തിച്ചു. പിന്നാലെ ബാഴ്സ തിരിച്ചടിക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു. പിന്നാലെ 65ാം മിനുറ്റിൽ പെനൽറ്റി ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിൽ റഫീന്യ ബാഴ്സയെ ഒപ്പമെത്തിച്ചു. ക്രോസ് ബാറിലിടിച്ച പന്ത് ഇന്റർ ഗോൾകീപ്പർ യാൻ സോമറുടെ കൈയിൽ തട്ടിയാണ് വലയിലേക്ക് കയറിയത്. അതുകൊണ്ട് തന്നെ സെൽഫ് ഗോളായി അത് സോമറിന്റെ പേരിലെഴുതി.
ഇരുടീമുകളും പിന്നെയും ഇരച്ചുകയറിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മത്സരത്തിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമെല്ലാം ബാഴ്സ തന്നെയായിരുന്നു മുന്നിൽ. പക്ഷേ കൃത്യമായ ഇടവേളകളിൽ ഇന്റർ ബാഴ്സയെ ഞെട്ടിച്ചു. മെയ് 7ന് ഇന്റർ തട്ടകത്തിലാണ് രണ്ടാം പാദമത്സരം.