'വംശീയ പരാമര്‍ശം നടത്തിയത് അപര്‍ണ കുറുപ്പാണ്; ഡോ. അബ്ദുല്ല ബാസിലിനെതിരായ കേസ് പിന്‍വലിക്കണം' - വെല്‍ഫെയര്‍ പാര്‍ട്ടി
അപര്‍ണക്കെതിരെ ഇതുവരെയും യാതൊരു നിയമനടപടിയും പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടി പിന്‍വലിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹത്തിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് അപര്‍ണ കുറുപ്പാണ്. അപര്‍ണക്കെതിരെ ഇതുവരെയും യാതൊരു നിയമനടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട ചര്‍ച്ചയെ വംശീയതയുടെ തലത്തിലേക്ക് ആനയിച്ചവര്‍ക്കെതിരെ നടപടി എടുക്കുന്നതിനു പകരം 'സൈബര്‍ ആക്രമണ'ത്തിന്റെ ഉത്തരവാദിത്വം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മുസ്‌ലിം സംഘടനാ നേതാവിന്റെ മേല്‍ ചാര്‍ത്തി വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. വിഷയത്തില്‍ നീതിയുക്തമായാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കേണ്ടത്. കേസെടുത്ത നടപടി തെറ്റാണ്. തെറ്റായ നടപടി തിരുത്തുവാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം -എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു.