ഛായാഗ്രാഹകൻ ടി.എൻ കൃഷ്ണൻകുട്ടി അന്തരിച്ചു
1960ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്
ആലപ്പുഴ: പ്രശസ്ത ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ആലപ്പുഴ ത്രിവേണിയിലെ വീട്ടുവളപ്പിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സംസ്കാരം നടക്കും.
1960ൽ ഉദയാ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ എഴുപതിലേറെ സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചു.
തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണൻ തുടങ്ങിയ സംവിധായകരുടെ സിനിമകളിലും അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. ജോർജ് വെട്ടം സംവിധാനം ചെയ്ത ‘മടക്കയാത്ര’യാണ് 1985ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാന ചിത്രം. ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ.