Writer - രാഗേന്ദു പി.ആർ
Web Journalist
തൃശൂര്‍: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ റിമാന്‍ഡില്‍. ആര്‍ത്താറ്റ് സ്വദേശികളായ ഏറത്ത് പറമ്പില്‍ വീട്ടില്‍ അജിത്ത്, പൊലിയത്ത് വീട്ടില്‍ ഡാനിഷ്, പാമ്പിങ്ങല്‍ വീട്ടില്‍ ഷിജില്‍ എന്നിവരാണ് റിമാന്‍ഡിലായത്.
കുന്നംകുളത്തെ ബാറില്‍ നിന്നും മദ്യപിച്ച ശേഷം അമിതവേഗതയില്‍ പോയ കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം ഒളിവില്‍ പോയ കാര്‍ ഡ്രൈവര്‍ ബെനിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
അമിതവേഗതയിലെത്തിയ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ച ശേഷം കാർ സമീപത്തുള്ള വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. അപകടത്തില്‍ ബൈക്ക് യാത്രികരായിരുന്ന എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസുള്ള മകന്‍ എമില്‍ എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു.