മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍; തദ്ദേശസ്ഥാപനങ്ങളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍
ഇതിനൊപ്പം എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള പ്രത്യേക കമ്മിറ്റികളും രൂപീകരിക്കും
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഫോറസ്റ്റ് ഓഫീസര്‍മാര്‍, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടും. ഇതിനൊപ്പം എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള പ്രത്യേക കമ്മിറ്റികളും രൂപീകരിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുക, ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനഭൂമിയിലെ കയ്യേറ്റം തടയുക എന്നിവയാണ് ഈ കമ്മിറ്റികളുടെ പ്രധാന ലക്ഷ്യങ്ങള്‍.
നിലവില്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലാണ് ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം. ഫെന്‍സിങ്, കിടങ്ങ് നിര്‍മ്മാണം തുടങ്ങിയ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തന്നെ ഈ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് തീരുമാനിക്കാനും നടപ്പിലാക്കാനും സാധിക്കും. വന്യജീവി ആക്രമണം നേരിടുന്ന 57 നിയോജക മണ്ഡലങ്ങളിലാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക. കൂടാതെ, വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരം കണക്കാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയും വരുന്നുണ്ട്.