Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി കമ്പികൾ അഴിച്ചുമാറ്റി. മൈനാഗപ്പള്ളി കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരുന്നു നടപടി.
സ്കൂളിലെ സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ വലിച്ചിരുന്ന ത്രീ ഫേസ് ലൈൻ ആണ് അഴിച്ചത്. കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന യോഗത്തിൽ വൈദ്യുതി കമ്പി എത്രയും വേഗം അഴിച്ചു മാറ്റാൻ അപേക്ഷ നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നടപടി. ഷീറ്റിൽ വീണ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ വൈദ്യുതി കമ്പനിയിൽനിന്ന് ഷോക്കേറ്റാണ് മരിച്ചത്.
മിഥുന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാലുമണിയോടെ സംസ്കരിച്ചു. ദേശത്തു നിന്ന് അമ്മ കൂടി എത്തിയതോടെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ബന്ധുക്കൾ ബുദ്ധിമുട്ടി. സ്കൂളിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷമായിരുന്നു വീട്ടുവളപ്പിലെ സംസ്കാര ചടങ്ങ്. അനുജനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് മിഥുന്റെ മൃതദേഹം രാവിലെ പത്തുമണിയോടെയാണ് സ്കൂളിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വിലാപയാത്രയായി സ്കൂളിലേക്ക് പുറപ്പെട്ട ആംബുലന്‍സ് ഒന്നരമണിക്കൂറിലധികം വൈകിയാണ് എത്തിയത്. സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. വൈകുന്നേരം നാലുമണിയോടെയാണ് സംസ്കാരചടങ്ങുകൾ ആരംഭിച്ചത്.
വ്യാഴാഴ്ചയാണ് സ്‌കൂളിൽ കളിക്കുന്നതിനിടെ 13 വയസുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കുന്നത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് തെറിച്ചുവീണ സൈക്കിൾ ഷെഡിന് മുകളിലേക്ക് തെറിച്ചുവീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.