കാർത്തികപ്പള്ളിയിൽ സ്‌കൂൾ കെട്ടിടം തകർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം: കെ.സി വേണുഗോപാൽ എംപി
മുഴുവൻ സ്‌കൂളുകളുടെയും സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ഗവഃ യുപി സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കുര തകർന്നവീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കുട്ടികളുടെ ജീവൻ പന്താടാൻ സർക്കാരിനെ അനുവദിക്കില്ലെന്നും കെ.സി വേണുഗോപാൽ എംപി. തകർന്ന് വീണത് ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടമാണ്. എന്നിട്ടും ഈ കെട്ടിടം എങ്ങനെ പ്രവർത്തിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം. കാലപ്പഴക്കം കാരണം കെട്ടിടം ഉപയോഗഗ്യമല്ലെന്നും ഫിറ്റ്‌നസ് നൽകാൻ കഴിയില്ലെന്നും പഞ്ചായത്ത് അധികൃതർ സർക്കാരിനെ അറിയിച്ചിരുന്നു. ഇതേകാര്യം വിദ്യാഭ്യാസ വകുപ്പിനെയും സ്‌കൂൾ അധികാരികൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കണം. ഇവിടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനം പൂർത്തിയാക്കി കൈമാറണമെന്ന് പഞ്ചായത്ത് അധികൃതർ സർക്കാരിന് രേഖാമൂലം കത്തു നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുഴുവൻ സ്‌കൂളുകളുടെയും സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങളുടെ അനുമതി റദ്ദാക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.
തകർന്നു വീണ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്ന പ്രധാന അധ്യാപകന്റെ വാദം തെറ്റാണെന്നാണ് വിദ്യാർഥികളും നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. നൂറുവർഷത്തിലേറെ പഴക്കം ചെന്ന സ്‌കൂളുകൾക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ ഫിറ്റിനസ് നൽകുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. ഇങ്ങനെയൊരു അവസ്ഥയിൽ എന്തുവിശ്വസിച്ചാണ് രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതെന്നും കെ.സി വേണുഗോപാൽ ചോദിച്ചു.
പൊതുവിദ്യാഭ്യാസ രംഗത്തെ അലംഭാവത്തിന്റെ തുടർച്ചയാണിത്. തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ മരണത്തിന്റെ ഞെട്ടൽമാറും മുമ്പാണ് മറ്റൊരു ദുരന്തം. പ്രവൃത്തിദിനമല്ലാതിരുന്നത് കൊണ്ടുമാത്രമാണ് വലിയ ദുരന്തത്തിലേക്ക് പോകാതിരുന്നത്. അപകടങ്ങൾ തുടർച്ചയാകുമ്പോഴും വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കാനോ അപാകതകൾ പരിഹരിക്കാനോ സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സ്‌കൂളികളിൽ സുരക്ഷയും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്താനുള്ള ബാധ്യതയും കടമയും സർക്കാരിനുണ്ട്. അത് സമയബന്ധിതമായി നിറവേറ്റാതെ അപകടം സംഭവിച്ച് കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് വരെ കാത്തിരിക്കുന്നത് ക്രൂരതയാണ്. ദുരന്തം സംഭവിക്കുമ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നതിന് പകരം അവ വരാതിരിക്കാനുള്ള ദീർഘവീക്ഷണമുള്ള നടപടികളാണ് സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.