Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട് : നിരന്തരമായി വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തി സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം കലുഷമാക്കാന്‍ ബോധപൂര്‍വം പണിയെടുത്തുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ളവരെ നിയമപരമായി നേരിടാന്‍ എന്തിനാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ. സാമുദായിക ധ്രുവീകരണമുണ്ടാക്കി കേരളീയരെ തമ്മില്‍ തല്ലിക്കാന്‍ മത്സരിച്ചു കൊണ്ടിരിക്കുന്ന കെ.പി.ശശികല, പി.സി ജോര്‍ജ്, കെ സുരേന്ദ്രന്‍, കെ.ആര്‍ ഇന്ദിര തുടങ്ങിയ വിദ്വേഷ പ്രചാരകരെയൊക്കെ നിലക്ക് നിര്‍ത്താന്‍ വൈമനസ്യം കാണിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നിലപാടില്‍ ദുരുഹതയുണ്ടെന്നും കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
സമുദായങ്ങള്‍ തമ്മിലടിച്ച് ഉരുത്തിരിയുന്ന വര്‍ഗീയ വോട്ടുകളില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാമെന്നാണ് മോഹമെങ്കില്‍ അത് മൗഢ്യമാണ്. ഹിന്ദ്യത്വ ഫാസിസ്റ്റുകള്‍ കവര്‍ന്നെടുക്കുന്നത് കേരളത്തിന്റെ ഇടതുപക്ഷ സ്പേസ് ആണെന്നത് എല്‍.ഡിഎഫ് നേതൃത്വം തിരിച്ചറിയാതെ പോവുന്നത് ആത്മഹത്യാപരമാണ്. വിദ്വേഷ പ്രചാരകരെ നിലക്ക് നിര്‍ത്തി കേരളത്തിന്റെ സാംസ്‌കാരിക പ്രബുദ്ധതയും മതേതര പാരമ്പര്യവും തിരിച്ചു പിടിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. മുസ്ലിം സമുദായം നേരിടുന്ന വിവേചനങ്ങളെയും പ്രശ്നങ്ങളെയും സാഹചര്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് പക്വതയോടെ അഭിമുഖീകരിക്കാന്‍ മുസ്ലിം നേതൃത്വം തയ്യാറാവണം.കടുത്ത ഇസ്ലാമോഫോബിയ നില നില്‍ക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കിട നല്‍കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കി ചര്‍ച്ചയുടെയും കൂടിയാലോചനകളുടെയും സമീപനം സ്വീകരിക്കണം. വിവാദങ്ങള്‍ ഉണ്ടാക്കി മുസ്ലിംകളുടെ അര്‍ഹമായ അവസരങ്ങള്‍ കവര്‍ന്നെടു ക്കാന്‍ സര്‍ക്കാറിന് അവസരമൊരുക്കരുതെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ അഭിപ്രായപ്പെട്ടു.
കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എം ടി മനാഫ് മാസ്റ്റര്‍, പ്രൊഫ.കെ പി സകരിയ്യ, ഡോ.അനസ് കടലുണ്ടി, എഞ്ചി. അബ്ദുല്‍ ജബ്ബാര്‍, അഡ്വ.പി മുഹമ്മദ് ഹനീഫ, അലി മദനി മൊറയൂര്‍, കെ എ സുബൈര്‍, പി ടി മജീദ് സുല്ലമി, അബ്ദുറഹീം ഖുബ, കെ എം കുഞ്ഞമ്മദ് മദനി, പി അബ്ദുസ്സലാം പുത്തൂര്‍, ഡോ.അന്‍വര്‍ സാദത്ത്, സി അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍, ഡോ.ജാബിര്‍ അമാനി, എ ടി ഹസ്സന്‍ മദനി, കെ പി അബ്ദുറഹിമാന്‍ സുല്ലമി, അബ്ദുല്ലത്തീഫ് കരുമ്പിലാക്കല്‍, ഡോ.ഇസ്മായില്‍ കരിയാട്, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, എ പി നൗഷാദ് ആലപ്പുഴ, അബ്ദുറഷീദ് ഉഗ്രപുരം, എഞ്ചി. കെ എം സൈതലവി, പ്രൊഫ.ഷംസുദ്ദീന്‍ പാലക്കോട്, സുഹൈല്‍ സാബിര്‍, ഡോ.ഫുക്കാര്‍ അലി, ബിപിഎ ഗഫൂര്‍, ഫഹീം പുളിക്കല്‍, അദീബ്, സി ടി ആയിഷ, പ്രസംഗിച്ചു.