Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ്. വര്‍ഗീയ വിഷം വിളമ്പുന്നത് ആരായാലും അത് അവര്‍ കൂടി അടങ്ങുന്ന മലയാളികളുടെ സാമൂഹ്യ സുരക്ഷയെയാണ് അപകടപ്പെടുത്തുന്നത്. വര്‍ഗീയതക്ക് തീപിടിച്ചാല്‍ അതില്‍ കത്തിയെരിയുന്നത് ഏതെങ്കിലും ഒരു വിഭാഗം മാത്രമായിരിക്കില്ലന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.
വര്‍ഗീയ വിദ്വേഷ പ്രസംഗത്തില്‍ വിചാരണ ചെയ്യപ്പെടുക അത് നടത്തിയ വ്യക്തി മാത്രമായിരിക്കില്ല. അവരുടെ സമുദായം കൂടിയാണ്. അതിനെ നിയന്ത്രിക്കേണ്ട ഭരണകൂടത്തിന്റെ നിലപാട് കൂടി ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യപ്പെടും. ആരെല്ലാമാണ് കത്തുന്ന വീടിന്റെ കഴുക്കോല്‍ ഊരി ഓടിപ്പോകുന്നതെന്നും ചിന്താശേഷിയുള്ളവര്‍ വിലയിരുത്തും.
വര്‍ഗീയത മനസ്സിലൊളിപ്പിച്ചു വെച്ചവര്‍ക്ക് അത് ഛര്‍ദ്ദിക്കാന്‍ ലഭിച്ച അവസരം കൂടിയാണിത്. ആരൊക്കെ ഛര്‍ദ്ദിക്കും?
ആരെല്ലാം ഓക്കാനിക്കും? ആരെല്ലാം വോട്ട് ബാങ്കിനപ്പുറം വര്‍ഗീയതക്കെതിരെ നിലപാടെടുക്കാന്‍ നട്ടെല്ല് കാണിക്കും? തുടങ്ങിയ ചോദ്യങ്ങള്‍ വരും ദിനങ്ങളില്‍ ഉയരും,'' ടി.കെ അഷ്‌റഫ് പറഞ്ഞു.