സിപിഎമ്മിൽ മതേതരത്വം സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹമുള്ളവർ വർഗീയ വിഷം തുപ്പുന്നതിനെതിരെ പ്രതികരണം: പി.വി അൻവർ
വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകൾ അവിചാരിതമായി സംഭവിക്കുന്നതല്ലെന്നും വ്യക്തമായ ലക്ഷ്യം മുന്നിൽക്കണ്ട് നടത്തുന്നതാണെന്നും പി.വി അൻവർ പറഞ്ഞു.
കോഴിക്കോട്: വെള്ളാപ്പള്ളി നടേശൻ നടത്തുന്ന വർഗീയ പ്രസ്താവനികൾ അവിചാരിതമായല്ല, വ്യക്തമായ അജണ്ട സെറ്റ് ചെയ്തു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണെന്ന് പി.വി അൻവർ. പറയാവുന്നതിന്റെ എക്‌സ്ട്രീം വർഗീയത വെള്ളാപ്പള്ളി നടേശൻ മൈക്ക് കെട്ടി വിളിച്ചു പറഞ്ഞിട്ടും കേരളത്തിലെ ഭരണകൂടം ഇതിനെതിരെ ഒരു നടപടിയും ഈ നിമിഷം വരെ സ്വീകരിച്ചില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല. സംസ്ഥാനത്ത് കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയിൽ ഈ നാട് നിലനിൽക്കണം എന്നാഗ്രഹിക്കുന്ന നാടിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണം എന്ന് ബോധമുള്ളവർ ഇനിയും ബാക്കിയുണ്ടെങ്കിൽ ഈ വർഗീയ വിഷം തുപ്പുന്ന പ്രവണതയ്‌ക്കെതിരെ പ്രതികരിച്ചേ മതിയാകൂ എന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
നിലമ്പൂരിൽ വെള്ളാപ്പള്ളി നടേശൻ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ വർഗീയ വിദ്വേഷം അടങ്ങുന്ന പരാമർശങ്ങൾ നമ്മളെല്ലാവരും കേട്ടതാണ്. എന്നിട്ടും വെള്ളാപ്പള്ളി നടേശനെ വലിയ വേദികളിൽ എത്തി ആദരിക്കാനും മുക്തകണ്ഠം പ്രശംസിക്കാനും കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ച ധൈര്യം ഈ നാട്ടിലെ സാധാരണക്കാരോടും സഖാക്കളോടും ഉള്ള വെല്ലുവിളിയാണ്. പക്ഷേ വർഗീയത പറയുന്നത് മുഖ്യമന്ത്രി ആവട്ടെ, സാധാരണക്കാരനാവട്ടെ, അല്ലെങ്കിൽ വെള്ളാപ്പള്ളി നടേശനാവട്ടെ ഒരു കാര്യം മനസ്സിലാക്കുക. ഇതുകേരളമാണ്. നിലമ്പൂരിൽ പഠിച്ച പാഠം മറക്കരുത്. വെള്ളാപ്പള്ളി നടേശനെ വർഗീയ ദൂതുമായി നിലമ്പൂരിലേക്ക് അയച്ചിട്ടും നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്നത് നാം കണ്ടതാണെന്നും അൻവർ പറഞ്ഞു.