തുടർച്ചയായി വർഗീയ പ്രസ്താവന നടത്തുന്ന വെള്ളാപ്പള്ളിയെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വാഴ്ത്തിപ്പാടുന്നത് തെറ്റായ സന്ദേശം നൽകും: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ
മുസ്‌ലിം സമുദായം അനർഹമായി എന്തോ നേടിയെന്ന് വെള്ളാപ്പള്ളി പച്ചക്കള്ളം പറയുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ യാഥാർഥ്യം തുറന്നുപറയാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി പറഞ്ഞു.
തിരുവനന്തപുരം: വർഗീയതയും നട്ടാൽ കുരുക്കാത്ത കളവുകളും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി നടേശനെ മന്ത്രിമാരും ചില പ്രതിപക്ഷ നേതാക്കളും ആദരിക്കുകയും വാഴ്ത്തിപ്പാടുകയും ചെയ്യുന്നത് തെറ്റായ സന്ദേശം നൽകുന്ന ഗുരുതര സംഗതിയാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ. ഇല്ലായ്മകൾക്ക് നടുവിൽ നിന്ന് കഠിനാധ്വാനത്തിലൂടെയാണ് മുസ്ലിം സമുദായം മുന്നോട്ടു പോകുന്നത്. തന്റെ സമുദായത്തിന്റെ ആകുലത പറയുന്ന വെള്ളാപ്പള്ളി ആ സമുദായത്തിന്റെ കണ്ണീരൊപ്പാൻ എന്താണ് ചെയ്തിട്ടുള്ളതെന്ന് പൊതു ജനങ്ങൾക്കറിയാം.
ഉദ്യോഗതലങ്ങളിലും ഓദ്യോഗിക തസ്തികകളിലും മുസ്ലിം സമുദായവും മറ്റുള്ളവരും എവിടെ നിൽക്കുന്നു എന്നത് ഔദ്യോഗിക രേഖകൾ സംസാരിക്കുന്ന വസ്തുയാണെന്നിരിക്കെ അതെല്ലാം മൂടിവെച്ചുകൊണ്ട് മുസ്ലിം സമുദായം അനർഹമായി എന്തോ സമ്പാദിച്ചുവെന്ന് വെള്ളാപ്പള്ളി പച്ചക്കള്ളം പറയുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ യാഥാർത്ഥ്യം തുറന്ന് പറയാൻ സർക്കാറിന് ബാധ്യതയുണ്ട്. ഒളിയജണ്ടകൾ നേടാനായി വർഗീയത പറയുന്ന ഇത്തരക്കാരെ കയറഴിച്ച് വിടരുത്. അതിന് ഉത്തരവാദപ്പെട്ടവർ തയ്യാറാകുമോ എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ മൂസ മൗലവി പറഞ്ഞു.