മസ്ജിദിന്റെ വാതിൽ തുറന്ന് സൗഹൃദത്തിലേക്ക്; ഹൃദയങ്ങൾ ബന്ധിപ്പിച്ച് ‘ഓപ്പൺ മസ്ജിദ്’
പരിപാടിയുടെ ഭാഗമായി മസ്ജിദ് സന്ദർശനം, ഖുർആൻ പാരായണ സെഷൻ, അറിവിന്റെ നിമിഷങ്ങൾ, വിദഗ്ധരുടെ ഹ്രസ്വ പ്രഭാഷണങ്ങൾ, സമവായസംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു
കോഴിക്കോട്: മതേതര സൗഹൃദത്തിന്റെയും അറിവിന്റെയും വേദിയായ ‘ഓപ്പൺ മസ്ജിദ്’ പരിപാടി കോഴിക്കോട് ലുലു മസ്ജിദിൽ നടന്നു. പള്ളി മതവിഭാഗങ്ങൾക്കപ്പുറം എല്ലാവർക്കും തുറന്നിടാനുള്ള നീക്കം, സമൂഹത്തിന്റെ പരസ്പര മനസ്സിലാക്കലിനും സമാധാന സഹവർത്തിത്വത്തിനും പുതിയ വഴിത്തിരിവായി.
‘മസ്ജിദ്: ആരാധനാലയമല്ല, ജീവിതപാഠശാലയാണ്’ എന്ന ആശയവുമായി ആരംഭിച്ച പരിപാടിയിൽ എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ, വനിതകൾ തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി മസ്ജിദ് സന്ദർശനം, ഖുർആൻ പാരായണ സെഷൻ, അറിവിന്റെ നിമിഷങ്ങൾ, വിദഗ്ധരുടെ ഹ്രസ്വ പ്രഭാഷണങ്ങൾ, സമവായസംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഖുർആൻ പാരായണത്തിന്റെ അർത്ഥങ്ങൾ പങ്കുവെച്ച “ഖുർആൻ ആസ്വാദനം” സെഷൻ ശ്രദ്ധനേടി.
മനുഷ്യർക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കി വിശ്വാസത്തിന്റെ മനുഷ്യസന്ദേശം സമൂഹത്തിലേക്ക് എത്തിക്കുകയാണ് ‘ഓപ്പൺ മസ്ജിദ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിപാടി സന്ദർശിച്ച അതിഥികൾ “മസ്ജിദുകൾ സമൂഹത്തെ ബന്ധിപ്പിക്കുന്ന വിശാലമായ വേദികളായി മാറിയിരിക്കുകയാണ്” എന്ന് അഭിപ്രായപ്പെട്ടു.
രാവിലെ ആരംഭിച്ച ഓപൺ മസ്ജിദ് പരിപാടിയുടെ ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെക്രട്ടറി അബ്ദുൾ ഹകീം നദ് വി നിർവഹിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സായാഹ്നം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ടി മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി അഡ്വ ജയന്ത് , ഫാദർ ജെറോം, ബാബുരാജ്, പി.ടി മൊയ്തീൻ കുട്ടി, തങ്ക പ്രസാദ്, ജി.കെ എടത്തനാട്ടുകര, എൻ.എം അബ്ദുറഹ്മാൻ, യു.പി സിദ്ധീഖ് , പ്രോഗ്രാം ജനറൽ കൺവീനർ നൗഷാദ് പി.കെ തുടങ്ങിയർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കോഴിക്കോട് സിറ്റി പ്രസിഡൻ്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ അശ്കറലി സ്വാഗതവും മസ്ജിദ് ലുലു പ്രസിഡൻ്റ് എ.എം അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു