കൊല്ലങ്കോട്ട് അങ്കണവാടികളിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി; നടന്നത് 58 ലക്ഷം രൂപയുടെ തട്ടിപ്പ്
കൂടിയ വിലക്ക് ഓർഡർ നൽകിയ ശേഷം കുറഞ്ഞ വിലയുടെ സാധനങ്ങൾ വാങ്ങിയതിലാണ് തട്ടിപ്പ് നടന്നത്
പാലക്കാട്: കൊല്ലങ്കോട് അങ്കണവാടികളിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ വൻ അഴിമതി. സെക്ഷം പദ്ധതി വഴി കൂടിയ വിലക്ക് ഓർഡർ നൽകിയ ശേഷം കുറഞ്ഞ വിലയുടെ സാധനങ്ങൾ വാങ്ങിയതിലാണ് തട്ടിപ്പ് നടന്നത്. 1.31 കോടി രൂപയുടെ ഇടപാട് നടത്തിയപ്പോൾ 58 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്. സാധനങ്ങളുടെ ബില്ല് ഉള്‍പ്പടെ തട്ടിപ്പിൻ്റെ രേഖകള്‍ മീഡിയവണിന് ലഭിച്ചു.
വൺ ബിയോണ്ട് സൊലൂഷൻ എന്ന സ്ഥാപനങ്ങളിൽ നിന്ന് കൊല്ലങ്കോട് ഐസിഡിഎസ് ജെം പോർട്ടൽ വഴി ആകെ വാങ്ങിയത് 89 പ്യൂരിഫയർ. ഒരെണ്ണത്തിന് അധികം നൽകിയത് 5259 രൂപയാണ്.വാട്ടർ പ്യൂരിഫയർ ഇടപാടിൽ മാത്രം അധികം ചിലവാക്കിയത് 380000രൂപയും. ഇതേ വാട്ടർ ഫ്യൂരിഫെയർ ഇതേ സ്ഥാപനം തൃശ്ശൂർ ജില്ലയിലെ അങ്കണവാടിയിലേക്ക് 10,000 രൂപക്ക് നല്‍കിയിട്ടുണ്ട്.
കൊല്ലങ്കോട് ഐ. സി. ഡി. എസിന് കീഴിലെ 142 അങ്കണവാടികൾക്ക് വേണ്ട സാധനങ്ങളാണ് ഇങ്ങിനെ വാങ്ങിക്കൂട്ടിയത്. ആകെ 1 കോടി 31 ലക്ഷം രൂപ ചെലവഴിച്ചു. 19 ഇനം സാധനങ്ങളാണ് വാങ്ങിയത്. എല്ലാത്തിലും ക്രമക്കോട് നടന്നു. 89 ലക്ഷം രൂപയുടെ സാധനങ്ങളാണ് വിതരണം ചെയ്തത്. സ്ഥാപനങ്ങളും - ഐസിഡിഎസിലെ ഉദ്യോഗസ്ഥരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. സാധനങ്ങൾ വാങ്ങാൻ ബ്ലോക്ക് തല പ്രോക്യുർമെൻ്റ് കമ്മറ്റിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും അട്ടിമറിച്ചു. എന്നാൽ എല്ലാം സുതാര്യമായാണ് ചെയ്തതുവെന്നാണ് ഐസിഡിഎസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.