Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് എല്ലാ കെഎസ്ആർടിസി ബസുകളിലും യാത്ര സൗജന്യമാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള വണ്ടികളിലാണ് യാത്ര സൗജന്യമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.
പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷത്തു നിന്ന് കേട്ടത് ഷെയിം വിളികളാണെന്നും പ്രതിപക്ഷ നേതാവ് ഇത് പരിശോധിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു.
അതേസമയം, സഭ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ തുടരുകയാണ്. ഇന്നലെ മുഖ്യമന്ത്രി നടത്തിയ ബോഡി ഷെമിങ്ങ് പരാമർശം സ്വർണപ്പാളി വിഷയത്തിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ ആക്കം കൂട്ടി. മുഖ്യമന്ത്രി ഉയരക്കുറവിനെ കളിയാക്കിയതാണ് വിമർശനത്തിനിടയാക്കിയത്. മുഖ്യമന്ത്രിയിൽ നിന്നുതന്നെ ഇത് ഉണ്ടായി എന്നതും വലിയ ചർച്ചയായി. പ്രതിപക്ഷത്തിനൊപ്പം സോഷ്യൽ മീഡിയയിലും ഇത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് സഭയിൽ വിഷയം ഉന്നയിക്കപ്പെട്ടത്.