സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങളുടെ ശ്രമം; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്ക്
സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നാലാം ദിനവും തിളച്ചുമറിഞ്ഞ് നിയമസഭ.ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കര്‍ എ.എന്‍ ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ വാക്കുതർക്കമുണ്ടായി.മന്ത്രിമാർ വായിൽ തോന്നിയത് പറഞ്ഞപ്പോൾ സ്പീക്കർക്ക് കുഴപ്പമില്ലായിരുന്നെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
'അയ്യപ്പൻ്റെ സ്വർണം ചെമ്പാക്കിയ എൽഡിഎഫ് രാസവിദ്യ'യെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധ ബാനർ പിടിച്ചുവാങ്ങാൻ സ്പീക്കർ കർശന നിർദേശം നൽകി. സ്പീക്കറുടെ ഡയസിന് മുന്നിൽ വാച്ച് ആൻഡ് വാർഡിനെ ഇന്നും വിന്യസിച്ചിരുന്നു.സ്പീക്കറുടെ ഡയസിലേക്ക് കയറാൻ പ്രതിപക്ഷാംഗങ്ങള്‍ ശ്രമിച്ചു. ഇതോടെ വാച്ച് ആന്‍ഡ് വാര്‍ഡുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തു.സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റു.
തുടര്‍ന്ന് സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു. സഭ വീണ്ടും തുടങ്ങിയപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. പിന്നാലെ സഭാ നടപടികള്‍ ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സഭയിൽ ഗുണ്ടായിസമെന്ന് എം.ബി.രാജേഷ് പറഞ്ഞു.മുഖ്യമന്ത്രിയുടെ പേരിൽ ഉന്നയിക്കപ്പെടുന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നും ഒരു അംഗത്തിന്റെയും പേര് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.പ്രതിപക്ഷം അസുര ജന്മം ആണെന്ന് എം.രാജഗോപാലൻ എംഎല്‍എ പറഞ്ഞു.
അതിനിടെ, കാൻസർ രോഗികൾക്ക് എല്ലാ കെഎസ്ആർടിസി ബസുകളിലും യാത്ര സൗജന്യമാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ സഭയില്‍ അറിയിിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള വണ്ടികളിലാണ് യാത്ര സൗജന്യമാക്കിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ലെന്നും പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് 'ഷെയിം ഷെയിം' എന്നാണെന്നും പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. കാൻസർ രോഗികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷത്തു നിന്ന് കേട്ടത് 'ഷെയിം' വിളികളാണെന്നും പ്രതിപക്ഷ നേതാവ് ഇത് പരിശോധിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു.