താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവം: പ്രതി സനൂപിൻ്റെ മകളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ്
അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്
കോഴിക്കോട്: താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ കേസിലെ പ്രതി സനൂപിൻ്റെ മകൾ അനയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. രാസപരിശോധനാ ഫലം വൈകുന്നതാണ് റിപ്പോര്‍ട്ട് വൈകാന്‍ കാരണമെന്ന് താമരശ്ശേരി ഡിവൈഎസ്‍പി ചന്ദ്രമോഹൻ പറഞ്ഞു.
പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കി മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളു എന്നും പൊലീസ് അറിയിച്ചു. അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.മകളുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്ന സംശയം സനൂപിന് ഉണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. കേസില്‍ പിടിയിലായ സനൂപിനെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ പ്രതി സനൂപ് വെട്ടിയത്. രണ്ടുമാസം മുമ്പ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസുകാരിയുടെ പിതാവാണ് സനൂപ്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ ആക്രമിച്ചത്. 'എന്റെ മോളെ കൊന്നവനല്ലേടാ' എന്ന് ആക്രോശിച്ചാണ് സനൂപ് കൈയിലുണ്ടായിരുന്ന കൊടുവാൾ ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.തലക്കാണ് ഡോ.വിപിന് വെട്ടേറ്റത്.
ആഗസ്ത് 14 നാണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.പനി കൂടിയതിന് പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു.അവിടെനിന്ന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും അനയ മരിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
അതിനിടെ ഡോക്ടർക്ക് വെട്ടേറ്റതിൽ സംസ്ഥാനത്ത് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കകരിക്കും. അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കൂ.താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സുരക്ഷഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിൽ കെജിഎംഒഎയുടെ പ്രതിഷേധ ധർണ നടക്കും.