കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി കവർച്ച; ആസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘം
വ്യാജ ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്
കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ തോക്ക് ചൂണ്ടിയുള്ള കവർച്ച അസൂത്രണം ചെയ്തത് കള്ളപ്പണം വെളുപ്പിക്കുന്ന സംഘമെന്ന് പൊലീസ്. എറണാകുളം സ്വദേശികളായ ജോജി, വിഷ്ണു എന്നിവരാണ് ഇതിന് പിന്നിലെന്നും കേസിൽ ആറ് പ്രതികളാണുള്ളതെന്നും പൊലീസ് അറിയിച്ചു. വ്യാജ ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
80 ലക്ഷത്തിന്റതായിരുന്നു ഡീല്ലെന്നും ഡീൽ ഉറപ്പിച്ചശേഷമാണ് പണം വാങ്ങാൻ രണ്ടംഗ സംഘം സുബിന്റെ കടയിൽ എത്തിയെന്നും പൊലീസ് പറയുന്നു. 30 ലക്ഷത്തിലധികം രൂപയാണ് ലാഭമായി സംഘത്തിന് ലഭിക്കുന്നത്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ച കാറിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചി കുണ്ടന്നൂർ ജംഗ്ഷനിലെ സ്റ്റീൽ വിൽപ്പന കേന്ദ്രത്തിലാണ് കവർച്ച നടന്നത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് പണം കവർന്നത്. കാറിൽ വന്ന സംഘം പണം കവർന്ന ശേഷം രക്ഷപെട്ടു. സുബിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. കവർച്ച നടന്ന സ്ഥാപനത്തിൽ സിസിടിവി ദൃശ്യങ്ങളില്ല.
ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്നത് നാലുപേരാണെന്നും തോക്ക് ചൂണ്ടുകയും വടിവാൾ വീശുകയും ചെയ്തുവെന്നും സുബിൻ പറഞ്ഞു. പണം ഇരട്ടിപ്പിക്കൽ ഡീൽ നടന്നിട്ടില്ല. കൈവശം ഉണ്ടായിരുന്ന 80 ലക്ഷം ബാങ്കിൽ നിന്ന് എടുത്ത പണമാണ്.15 ദിവസത്തെ ബന്ധം മാത്രമാണ് സജിയുമായി ഉണ്ടായിരുന്നത്. പണം ബാങ്കിൽ നിന്ന് എടുത്തതിന്റെ രേഖകളുണ്ട്. സജി സ്ഥാപനത്തിലെത്തി അരമണിക്കൂറിന് ശേഷമാണ് മുഖംമൂടി ധരിച്ചവർ എത്തിയതെന്നും അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് സജിയെ പരിചയപ്പെട്ടതെന്നും സുബിൻ വ്യക്തമാക്കി.