ഭൂട്ടാൻ വാഹനക്കടത്ത്: ദുൽഖറിനെയും അമിത് ചക്കാലക്കലിനെയും ഇഡി ചോദ്യം ചെയ്യും

ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാലാ ഇടപാടുകൾ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇഡി വാദം

Update: 2025-10-09 03:32 GMT
Editor : Lissy P | By : Web Desk

കൊച്ചി: ഭൂട്ടാൻ വാഹനകടത്ത് കേസിൽ താരങ്ങളെ ചോദ്യം ചെയ്യും.നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക. ഇരുവർക്കും ഉടൻ നോട്ടീസ് നൽകും. ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാലാ ഇടപാടുകൾ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇ.ഡി വാദം.കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ ചില രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു.

വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ദുൽഖർ സൽമാനെ ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ചെന്നൈയിൽ നിന്നാണ് താരം കൊച്ചിയിലെത്തിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയായിരുന്നു ഇഡിയുടെ പരിശോധന.  ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

Advertising
Advertising

 ദുൽഖറിൻറെ മൂന്ന് വീടുകളിലാണ് പരിശോധന നടന്നത്. പൃഥ്വിരാജിന്‍റെ തേവരയിലെ ഫ്‌ലാറ്റിലും അമിത് ചക്കാലക്കലിൻറെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്ത ശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം.

ദുൽഖർ സൽമാൻറെ ചെന്നൈയിലെ നിർമാണ കമ്പനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് കോയമ്പത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങൾക്ക് പുറമേ വാഹന ഡീലർമാരുടെ വീടുകളും വർക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂർ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാർ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തിയിരുന്നു. അടിമാലിയിലെ ഗാരേജിൽ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാർ കസ്റ്റഡിയിൽ എടുത്തിരുന്നു.

കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുൽഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുൽഖര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News