പേവിഷബാധയേറ്റ് ഏഴു വയസുകാരി മരിച്ച സംഭവം: അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി ഗണേഷ് കുമാർ

ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്

Update: 2025-05-13 09:21 GMT
Editor : സനു ഹദീബ | By : Web Desk
Advertising

കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആരോഗ്യ മന്ത്രി വീണാ ജോർജിന് കത്ത് നൽകും. മരണപ്പെട്ട നിയാ ഫൈസലിൻ്റെ കുടുംബത്തിന് മന്ത്രിയുമായി കൂടികാഴ്ച ഒരുക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഈ മാസം അഞ്ചിനാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ മാസം എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ഈ മാസം ഒന്നാം തീയതിയാണ് എസ്എടിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.

അതേസമയം, നായയുടെ കടിയേറ്റ ഉടനെ കുട്ടിക്ക് ആവശ്യമായ പ്രാഥമിക ശുശ്രൂഷകളെല്ലാം നല്‍കിയിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്ന കുട്ടി മുറ്റത്തുണ്ടായിരുന്ന താറാവിനെ പിടിക്കാൻ വേണ്ടി തെരുവ് നായ വന്നപ്പോൾ അതിനെ ഓടിക്കാൻ നോക്കി. ഈ സമയത്ത് നായ കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ് കടിക്കുകയായിരുന്നു.

കൈയിൽ നല്ല ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. നായയുടെ ഒരു പല്ല് ആഴത്തിൽ പതിഞ്ഞ രീതിയിലായിരുന്നു മുറിവ്.ഉടൻ തന്നെ കാരസോപ്പിട്ട് മുറിവ് നന്നായി കഴുകുകയും ഉടൻ തന്നെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വാക്‌സിൻ എടുക്കുകയും ചെയ്തിരുന്നെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഏപ്രില്‍ 29ന് മലപ്പുറത്ത് അഞ്ചരവയസുകാരി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചിരുന്നു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലാണ് കുട്ടിയുടെ മരണം. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. മാർച്ച് 29നാണ് മിഠായി വാങ്ങാൻ പോയ കുട്ടിയെ തെരുവുനായ കടിച്ചത്. കാലിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു.

വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News