വിസ്‌ഡം സ്റ്റുഡന്റസ് കോൺഫറൻസിൽ പോലീസ് ഇടപെട്ട സംഭവം: ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഇകെ അൻഷിദാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്
മലപ്പുറം: പെരിന്തൽമണ്ണയിൽ വിസ്‌ഡം സ്റ്റുഡന്റസ് കോൺഫറൻസിൽ പോലീസ് ഇടപെട്ട സംഭവത്തിൽ പരാതി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഇകെ അൻഷിദാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്. പൊലീസിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്റ്സ് കോൺഫറൻസ് പരിപാടിയുടെ സ്റ്റേജിലേക്ക് പൊലീസ് അതിക്രമിച്ചു കയറി അലങ്കോലമാക്കിയെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പെരിന്തൽമണ്ണയിൽ നടന്ന പരിപാടി പൊലീസ് അതിക്രമത്തെതുടർന്ന് അലങ്കോലമാവുകയും പരിപാടി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായതിൽ പ്രതിഷേധവുമായി സംഘടന പ്രവർത്തകർ രംഗത്തെത്തി. വിസ്ഡം ജനറൽ സെക്രട്ടറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് പരിപാടിയിൽ നടന്ന സംഭവങ്ങൾ വിശദീകരിക്കുന്നത്.
സാധാരണ 10 മണിക്ക് മുമ്പ് നിർത്തുന്ന വിധമാണ് എല്ലാ പരിപാടികളും സംഘടനക്രമീകരിക്കാറുള്ളത്. പ്രഭാഷണങ്ങളുടെ സമയം കൃത്യമായി ക്രമീകരിച്ചു. സ്വാഭാവികമായും 10 മണി എന്നത് ഒരു 3 മിനിറ്റ് കൂടി. അപ്പോഴേക്കും പോലീസുകാർ വിളിച്ചു. ഇപ്പോൾ നടക്കുന്നത് സമാപന സംസാരമാണെന്നും ഉടനെ നിർത്താമെന്നും മാന്യമായി മറുപടി പറഞ്ഞു. അത് ചെവിക്കൊള്ളാതെ പൊലീസുദ്യോഗസ്ഥൻ തിങ്ങിനിറഞ്ഞ പെൺകുട്ടികൾക്ക് ഇടയിലൂടെ അലറി വിളിച്ച് വരികയും സ്റ്റേജിലേക്ക് കയറി പ്രഭാഷകന് നേരെ ആക്രോശിക്കുകയുമാണ് ചെയ്തത്. അപ്പോൾ സമയം 10.06. വെറും 3 മിനിറ്റ് മാത്രമാണ് പ്രസംഗം പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നത്. അദ്ദേഹം ഇത് പറഞ്ഞ ഉടനെ ഞങ്ങൾ പരിപാടി നിർത്തുകയും ചെയ്തു.
നമ്മുടെ നിയമ പാലകർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നഷ്ടപ്പെട്ട് പോകുന്ന വിവേകം, നിയമത്തിൻ്റെ അന്തസ്സത്തയെയാണ് ചോർത്തിക്കളയുന്നതെന്നും അഷ്റഫ് പറഞ്ഞു.